ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർണാടകയിലെ ഉഡുപ്പി സന്ദർശനം വൻ ജനപങ്കാളിത്തത്തോടെ ശ്രദ്ധേയമായി. ഉഡുപ്പി ശ്രീകൃഷ്ണ മഠം സന്ദർശിക്കുന്നതിന്റെ മുന്നോടിയായി നടന്ന മെഗാ റോഡ്‌ഷോ ജനസാഗരമായി മാറി. ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള സുവർണ്ണ തീർത്ഥ മണ്ഡപം അദ്ദേഹം ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി ആദ്യമായാണ് ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ എത്തുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹം നേരത്തെ മഠം സന്ദർശിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടുപ്പിയിലെ ശ്രീകൃഷ്ണ മഠത്തിൽ ഒരു ലക്ഷം ഭക്തർക്കൊപ്പം ചേർന്ന് നടത്തിയ ‘ലക്ഷകണ്ഠ ഗീതാപാരായണം’ ഭക്തിയുടെയും ദേശീയ ഐക്യത്തിന്റെയും ചരിത്ര നിമിഷമായി. ഭഗവദ്ഗീതയുടെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നടന്ന ഈ മഹാസംരംഭം ലോകശ്രദ്ധ ആകർഷിച്ചു. പരിപാടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വേഷവിധാനം കൊണ്ട് ശ്രദ്ധാകേന്ദ്രമായി. മയിൽപ്പീലികളാൽ മനോഹരമാക്കിയ സ്വർണ്ണ വർണ്ണത്തിലുള്ള തലപ്പാവ് ധരിച്ചാണ് അദ്ദേഹം ചടങ്ങിൽ പങ്കെടുത്തത്. ഇത് ചടങ്ങിന്റെ പവിത്രതയും മനോഹാരിതയും വർദ്ധിപ്പിച്ചു.
ശ്രീകൃഷ്ണ മഠത്തിന്റെ അങ്കണത്തിലും പരിസരങ്ങളിലുമായി തടിച്ചുകൂടിയ ഒരു ലക്ഷത്തിലധികം ഭക്തരാണ് പ്രധാനമന്ത്രിക്കൊപ്പം ഒരേ സ്വരത്തിൽ ഭഗവദ്ഗീത പാരായണം ചെയ്തത്. ഈ കൂട്ടായ ഗീതാപാരായണം ഭക്തിയുടെയും ആത്മീയതയുടെയും പുതിയൊരു അധ്യായം തുറന്നു. പ്രധാനമന്ത്രിയുടെ സന്ദർശനവും ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത ഗീതാപാരായണവും ഉടുപ്പിയുടെ ആത്മീയചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായി അടയാളപ്പെടുത്തപ്പെട്ടു.
വേദാന്തത്തിലെ ദ്വൈത തത്ത്വചിന്തയുടെ സ്ഥാപകനായ ശ്രീ മാധവാചാര്യർ 800 വർഷങ്ങൾക്ക് മുമ്പാണ് ഉഡുപ്പി ശ്രീകൃഷ്ണ മഠം സ്ഥാപിച്ചത്. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഹെലികോപ്റ്റർ മാർഗ്ഗമാണ് പ്രധാനമന്ത്രി ഉഡുപ്പിയിൽ എത്തിയത്. ആദി ഉഡുപ്പിയിലെ ഹെലിപാഡിൽ ഇറങ്ങിയ ശേഷം, മഠത്തിലേക്കുള്ള വഴിയിൽ ബന്നഞ്ചെ നാരായണ ഗുരു സർക്കിളിൽ നിന്ന് കൽസങ്കയിലേക്ക് നടന്ന റോഡ്‌ഷോയിൽ വൻ ജനക്കൂട്ടം ആവേശത്തോടെ പങ്കുചേർന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് മേഖലയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

