ഡല്‍ഹിക്കും മീററ്റിനും ഇടയിലുള്ള ഇന്ത്യയിലെ ആദ്യത്തെ റീജിയണല്‍ റാപ്പിഡ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. റാപ്പിഡ് എക്‌സ് ട്രെയിന്റെ ഫ്‌ളാഗ് ഓഫും അദ്ദേഹം നിർവഹിച്ചു. ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ-സ്പീഡ് റീജിയണല്‍ റെയില്‍ സേവന പദ്ധതിയാണ് എന്‍സിആര്‍ടിസി നടപ്പിലാക്കിയിരിക്കുന്നത്. റീജിയണല്‍ റാപ്പിഡ് ട്രെയിന്‍ ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) ഇടനാഴിയുടെ 17 കിലോമീറ്റര്‍ മുന്‍ഗണനാ വിഭാഗം ഒക്ടോബര്‍ 21 ശനിയാഴ്ച മുതല്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കും.
ഗാസിയാബാദ്, ഗുൽധർ, ദുഹായ് എന്നീ സ്‌റ്റേഷനുകളാണുള്ളത്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ യാത്ര ചെയ്യാൻ കഴിയുന്ന ഡൽഹി-ഗാസിയാബാദ്-മീററ്റ് ആർ.ആർ.ടി.എസ് ഇടനാഴിക്ക് 2019 മാർച്ച് 8-ന് പ്രധാനമന്ത്രിയാണ് തറക്കല്ലിട്ടത്. ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി സ്‌കൂള്‍ കുട്ടികളുമായും ട്രെയിന്‍ ജീവനക്കാരുമായും സംവദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിന്നു.
ആര്‍ആര്‍ടിഎസ് ഒരു പുതിയ റെയില്‍-അധിഷ്ഠിത, സെമി-ഹൈ-സ്പീഡ്, ഹൈ-ഫ്രീക്വന്‍സി കമ്മ്യൂട്ടര്‍ ട്രാന്‍സിറ്റ് സിസ്റ്റമാണ്. 180 kmph ആണ് അതിന്റെ വേഗത. 160 kmph ആണ് അതിന്റെ പ്രവര്‍ത്തന വേഗത. ഡല്‍ഹിക്കും മീററ്റിലെ മോദിപുരത്തിനും ഇടയില്‍ 82 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഒരു മണിക്കൂറില്‍ താഴെയാണ് സമയമെടുക്കുക. ഈ പദ്ധതി അത്യാധുനിക നഗര യാത്രാമാര്‍ഗത്തിന്റെ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുമെന്നും കേന്ദ്രമന്ത്രി എക്സില്‍ പറഞ്ഞു.
30,000 കോടിയിലധികം രൂപ ചെലവിൽ വികസിപ്പിക്കുന്ന ആർ.ആർ.ടി.എസ് ഡൽഹിക്കും മീററ്റിനുമിടയിലെ യാത്രാ സമയം ഒരുമണിക്കൂറായി കുറയ്‌ക്കും. സാഹിബാബാദിനെ ദുഹായ് ഡിപ്പോയുമായി ബന്ധിപ്പിക്കുന്നതാണ് റാപ്പിഡ് എക്സ് ട്രെയിന്‍. ഉദ്ഘാടനത്തിന് മുമ്പ് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരി ആര്‍ആര്‍ടിഎസ് ട്രെയിനുകളെ ‘നമോ ഭാരത്’ എന്ന് വിളിക്കുമെന്ന് അറിയിച്ചിരുന്നു.