കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ന്യായ് യാത്രയ്ക്ക് അസമില്‍ പൊലീസ് തടഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിലേക്ക് കടക്കുന്നത് പൊലീസ് തടഞ്ഞതിനെതുടര്‍ന്ന് സ്ഥലത്ത് സംഘർഷം ഉണ്ടായി. രാഹുലിന്‍റെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് പ്രവർത്തകർ ബാരിക്കേഡ് പൊളിച്ച് നീക്കി. ഗുവാഹത്തിയിലെ റോഡുകളിലൂടെ നീങ്ങാന്‍ അസമിലെ ഹിമന്ത ബിശ്വ ശര്‍മ്മ സര്‍ക്കാര്‍ ആണ് അനുമതി നിഷേധിച്ചത്. ഭാരത് ജോഡോ ന്യായ് യാത്രയില്‍ റോഡ് തടസ്സങ്ങള്‍ സൃഷ്ടിച്ചുവെന്നാരോപിച്ച് ഹിമന്ത ബിശ്വ ശര്‍മ്മയും കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള രൂക്ഷമായ വാക്കുതര്‍ക്കത്തിനിടെയാണ് പുതിയ സംഭവവികാസം.
ഗുവാഹത്തി നഗരത്തിലൂടെയുള്ള രാഹുല്‍ഗാന്ധിയുടെ യാത്ര കടന്നുപോകുന്നത് അസം പൊലീസ് തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് കോണ്‍ഗ്രസ് പ്രവർത്തകർ പൊളിച്ച് നീക്കി. ഇതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. രാഹുല്‍ഗാന്ധി ബസിന് മുകളില്‍ നില്‍ക്കുമ്പോഴായിരുന്നു നാടകീയ സംഭവങ്ങള്‍. ഗുവാഹത്തിയില്‍ ഇന്ന് പ്രവൃത്തിദിനമാണെന്നും പ്രധാന നഗര റോഡുകളിലൂടെ യാത്ര അനുവദിക്കുന്നത് ഗതാഗതക്കുരുക്കിന് കാരണമായേക്കാമെന്നും സര്‍ക്കാര്‍ പറഞ്ഞു. അതിനാല്‍ നഗരത്തിന് ചുറ്റും റിംഗ് റോഡ് പോലെ പ്രവര്‍ത്തിക്കുന്ന ദേശീയ പാത 27 ലൂടെയാണ് യാത്ര പോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഗുവാഹത്തിയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. അസം സര്‍ക്കാര്‍ യാത്ര നഗരം വിട്ടുപോകാനും പകരം ഗുവാഹത്തി ബൈപാസ് ഉപയോഗിക്കാനും നിര്‍ദ്ദേശിച്ചിരുന്നു.
ആർഎസ്എസിനെയും ബിജെപിയേയും ഭയക്കുന്നില്ലെന്നും ഹിമന്ദ ബിശ്വ ശർമ രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണെന്നും സ്ഥലത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ പറഞ്ഞു. ഇതിനിടെ, യാത്ര ബിഹാറില്‍ എത്തുമ്പോള്‍ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ബംഗാള്‍ സിപിഎമ്മിനെയും യാത്രയില്‍ പങ്കെടുക്കാൻ കോണ്‍ഗ്രസ് ക്ഷണിച്ചു.