ന്യൂഡൽഹി: ഇന്ത്യയിൽ ചാരപ്പണിയിൽ ഏർപ്പെട്ടു എന്ന് കരുതുന്ന ചൈനീസ് വനിതയെ ബീഹാറിൽ പോലീസ് കസ്റ്റഡിയിലെടുത്തു. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയ്ക്ക് എതിരെ ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്ന ചൈനീസ് യുവതിയെ ബിഹാർ പോലീസ് വ്യാഴാഴ്‌ച കസ്‌റ്റഡിയിലെടുത്തു. ദലൈലാമയുടെ സന്ദർശനത്തിനിടെ സുരക്ഷാ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ബീഹാറിലെ ബോധഗയയിൽ ഇന്ന് രാവിലെ ചൈനീസ് യുവതിക്കായി പോലീസ് തിരച്ചിൽ നടത്തുകയായിരുന്നു. ദലൈലാമ ബീഹാറിൽ സന്ദർശനം നടത്താനിരിക്കവെയാണ് ദലൈലാമയെ പിന്തുടർന്ന് വന്ന ഇവരെ ഗയയിൽ വച്ച് പോലീസ് പിടികൂടുന്നത്. സോങ് ഷിയോലാൻ എന്ന ഇവരുടെ രേഖാചിത്രം നേരത്തെ തന്നെ പോലീസ് പുറത്തുവിട്ടിരുന്നു. ബോധ്ഗയ ഉൾപ്പെടെ രാജ്യത്തിന്റെ പല സ്ഥലങ്ങളിലായി ഇവർ ഒരു വർഷമായി താമസിച്ചു പോന്നു എന്ന് കരുതപ്പെടുന്നു. ഇവരെ സംബന്ധിക്കുന്ന യാതൊരു രേഖകളും വിദേശകാര്യവിഭാഗത്തിന്റെ കയ്യിൽ ഇല്ല. സംഭവത്തെതുടർന്ന് ഗയയിൽ ദലൈലാമയുടെ സന്ദർശനത്തിന്റെ ഭാഗമായി മഹാബോധിക്ഷേത്രത്തിലും പരിസരത്തും പോലീസ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ്