കോടിക്കണക്കിന് ഭക്തര്‍ കുംഭമേളയിലേക്കെത്തിയപ്പോള്‍ തിരക്കിനിടയില്‍ കാണാതായ സംഭവങ്ങളും നിരവധിയുണ്ടായി. വിദേശികളുള്‍പ്പെടെ കുടുംബാംഗളില്‍ നിന്ന് ഒറ്റപ്പെട്ടു പോയ അമ്പതിനായിരത്തിലധികം ആളുകളെ അധകൃതര്‍ കണ്ടെത്തി വീട്ടിലെത്തിച്ചു. തിരക്ക് കണക്കിലെടുത്ത് കാണാതാവുന്ന ആളുകള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനും മറ്റുമായി ഓണ്‍ലൈന്‍ ഉള്‍പ്പടെ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഇതുവരെ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 54,357 പേരെ കണ്ടെത്തി ബന്ധുക്കളെ തിരിച്ചേല്‍പ്പിച്ചെന്ന് അധികൃതര്‍ അറയിച്ചു. ഡിജിറ്റല്‍ ഖോയാ പായ കേന്ദ്ര (നഷ്ടപ്പെട്ടവയെ കണ്ടെത്തി നല്കുന്ന കേന്ദം) വഴി 35,000ലധികം ആളുകളെയാണ് കണ്ടെത്തിയത്.
ഇത്തവണത്തെ മഹാകുംഭമേള ചരിത്രത്തില്‍ ഇടംപിടിച്ചപ്പോള്‍ സര്‍ക്കാരിന്റെ സംഘാടന മികവ് ഏറെ ശ്രദ്ധേയമായിരുന്നു. കുംഭമേള നഗരിയില്‍ വിവിധ സ്ഥലങ്ങളിലായി പത്തോളം ഡിജിറ്റല്‍ ഖോയാ പായാ കേന്ദ്രങ്ങളാണ് സ്ഥാപിച്ചത്. മകര്‍ സംക്രാന്തി, മൗനി അമാവാസി, ബസന്ത് പഞ്ചമി. എന്നീ ദിവസങ്ങളിലാണ് കുംഭമേളയില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്. ഈ ദിവസങ്ങളിലാണ് കൂട്ടം തെറ്റിയ കേസുകളും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്.
എഐ സാങ്കേതിക വിദ്യയോടെയുള്ള ഫേഷ്യല്‍ റെക്കഗ്നീഷന്‍, മെഷീന്‍ ലേണിങ്, വിവിധ ഭാഷാ സഹായി തുടങ്ങി വിവിധ അത്യാധുനിക സംവിധാനങ്ങളും ആളുകളെ കണ്ടെത്താനായി ഉപയോഗിച്ചു. ഭാരത് സേവാ കേന്ദ്ര, ഹേംവതി നന്ദന്‍ ഭാഗുന സ്മൃതി സമിതി തുടങ്ങി സര്‍ക്കാരിതര സാമൂഹിക സംഘടനകളും സഹായത്തിനെത്തി.