കേരളത്തിൻറെ പുതിയ ഗവർണറായി ഗോവയിൽ നിന്നുള്ള നേതാവായ രാജേന്ദ്ര വിശ്വനാഥ് ആർലേകറിനെ നിയമിച്ചുകൊണ്ട് രാഷ്ട്രപതിയുടെ ഉത്തരവ് ഇറങ്ങി. ആർലേകർ ഉടൻ കേരള ഗവർണറായി ചുമതലയേൽക്കും. പ്രധാമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധമുള്ള ആർ എസ് എസ് നേതാവ് ആണ് രാജേന്ദ്ര ആർലേകർ. കറകളഞ്ഞ ആർഎസ്എസ് നേതാവായ ആർലേകർ പ്രധാനമന്ത്രിയുമായി മാത്രമല്ല ബിജെപി കേന്ദ്ര നേതൃത്വവുമായും അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ്. ഗോവയിലായിരുന്നു അദ്ദേഹത്തിൻറെ നീണ്ടകാല രാഷ്ട്രീയ പ്രവർത്തനം.
1989 മുതൽ ബിജെപിയിൽ സജീവമായി. ഗോവയിലെ ബിജെപിയുടെ ജനറൽ സെക്രട്ടറി, ബിജെപി സൗത്ത് ഗോവ പ്രസിഡൻറ്, ഗോവ ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് കോർപ്പറേഷൻ ചെയർമാൻ, ഗോവ എസ് സി ആൻഡ് അദർ ബാക്ക് വേഡ് ക്ലാസ് ഫിനാൻഷ്യൽ ഡെവലപ്മെൻറ് കോർപ്പറേഷൻ ചെയർമാൻ എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മനോഹർ പരീക്കർ 2014ൽ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്ന വേളയിൽ ഗോവ മുഖ്യമന്ത്രി പദത്തിലേക്ക് ആർലേകറിനെ പരിഗണിച്ചിരുന്നു, എന്നാൽ അവസാനഘട്ടത്തിൽ ലക്ഷ്മികാന്ത് പർസേക്കറിനെ മുഖ്യമന്ത്രിയായി നിയമിക്കുകയായിരുന്നു. പിന്നീട് 2015 നടന്ന ഗോവ മന്ത്രിസഭ പുനസംഘടനയിൽ വനം- പരിസ്ഥിതി മന്ത്രിയായി ആർലേകർ ചുമതലയേറ്റു. 2021 ജൂലായ് മാസത്തിലാണ് ഹിമാചല്‍ പ്രദേശിന്റെ ഗവര്‍ണറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 2023 ഫെബ്രുവരിയില്‍ ബിഹാറിന്റെ 29-മത് ഗവര്‍ണറായി നിയമിതനായി.
നിലവിലെ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ മാറുന്നതോടെ കേരളത്തിലെ മുഖ്യമന്ത്രി- ഗവർണ്ണർ പോര് അവസാനിക്കുമെന്ന് കരുതിയെങ്കിലും കേന്ദ്ര അനുഭാവിയായി ഓറൽ കൂടി ഗവർണ്ണർ ആയി എത്തുമ്പോൾ ആശ്വസിക്കാൻ കേരളം സർക്കാരിന് എളുപ്പം ആവില്ല എന്നുതന്നെ യാണ് നിരീക്ഷകർ വിലയിരുത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായും എൽ.ഡി.എഫ് സർക്കാറുമായും നല്ല ബന്ധമല്ല ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ തുടർന്നിരുന്നത്. ബില്ലുകളിലെ ഒപ്പിടലിൽ തുടങ്ങി വി.സി നിയമനം വരെയുള്ള വിഷയങ്ങളിൽ സർക്കാറും ഗവർണറും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലും ഗവർണർ സർക്കാറിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയെ പേരെടുത്ത് പറഞ്ഞായിരുന്നു വിമർശനം ഉണ്ടായത്.
പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്ന് ഗവർണർ കുറ്റപ്പെടുത്തി. നിരുത്തരവാദപരമായ നടപടികളാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ഗവർണർ വിമർശിച്ചിരുന്നു.എസ്.എഫ്.ഐ വിദ്യാർഥി സംഘടനയല്ല, ക്രിമിനൽ സംഘമാണെന്നും ഗവർണർ ആരോപിച്ചു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. വിദേശ പ്രതിനിധികൾക്ക് മുന്നിൽ കേരളത്തെ അപമാനിക്കാനാണ് ശ്രമം നടന്നത്. സർക്കാരിന്റെ പിന്തുണയില്ലാതെ എങ്ങനെയാണ് ഇത് നടക്കുന്നത്? ഞാൻ ഭയപ്പെടുന്നില്ലെന്ന് എസ്.എഫ്.ഐക്ക് അറിയാം. ഇത്തരത്തിലുള്ള നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ ചാൻസലർ എന്ന നിലയിൽ കടുത്ത നടപടിയുണ്ടാകുമെന്നും ഗവർണർ അറിയിച്ചിരുന്നു.