പുതുതായി രൂപീകരിച്ച മോദി 3.0 ക്യാബിനറ്റിൻ്റെ ആദ്യ യോഗം പ്രധാനമന്ത്രിയുടെ വസതിയായ 7 ലോക് കല്യാൺ മാർഗിൽ നടക്കും. പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമിന് (പിഎംഎവൈ-ജി) പ്രകാരമുള്ള രണ്ട് കോടി വീടുകൾക്ക് വൈകിട്ട് അഞ്ചിന് ചേരുന്ന യോഗത്തിൽ അംഗീകാരം നൽകാനാണ് സാധ്യതയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കൂടാതെ, കേന്ദ്രമന്ത്രിസഭ പിഎംഎവൈ-ജിക്ക് കീഴിൽ ഗുണഭോക്താക്കൾക്ക് നൽകുന്ന സഹായം ഏകദേശം 50 ശതമാനം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
പാർലമെൻ്റ് സമ്മേളനം ഉടൻ വിളിച്ചുകൂട്ടാനും ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാനും കാബിനറ്റ്, പ്രസിഡൻ്റ് ദ്രൗപതി മുർമുവിനോട് ആവശ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു.
ഞായറാഴ്‌ചയാണ് നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്‌തത്. അദ്ദേഹത്തോടൊപ്പം 72 മന്ത്രിമാരും രാഷ്ട്രപതി ഭവനിൽയ സത്യപ്രതിജ്ഞ ചെയ്തു . പിന്നീട്, മോദി മന്ത്രിസഭയിൽ പുതിയ അംഗമായ ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ മന്ത്രിസഭാ സമിതിക്ക് അത്താഴവിരുന്ന് നൽകി. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി തൻ്റെ വസതിയിൽ നടന്ന ചായ സമ്മേളനത്തിനിടെ മൂന്നാമത്തെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയ മന്ത്രിമാരോട് ‘100 ദിവസത്തെ പരിപാടി’യുമായി മുന്നോട്ട് പോകണമെന്ന് മോദി പറഞ്ഞു.