41 വര്‍ഷത്തിനിടെ ഓസ്ട്രിയ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി. വിയന്ന വിമാനത്താവളത്തിലെത്തിയ മോദിയെ ഓസ്ട്രിയന്‍ വിദേശകാര്യ മന്ത്രി അലക്‌സാണ്ടര്‍ ഷാലെന്‍ബെര്‍ഗ് സ്വാഗതം ചെയ്യുകയായിരുന്നു. ശേഷം ഓസ്ട്രിയന്‍ ചാന്‍സലര്‍ കാള്‍ നെഹാമെറുമായി അദ്ദേഹം സ്വകാര്യ സംഭാഷണം നടത്തി.
“ഇന്ത്യ-ഓസ്ട്രിയ സൗഹൃദബന്ധത്തിലെ സുപ്രധാന നാഴികകല്ല്. ഓസ്ട്രിയന്‍ ചാന്‍സലര്‍ അദ്ദേഹത്തിന്റെ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചിരിക്കുന്നു. ഇരുനേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയാണിത്,” എന്ന് കേന്ദ്ര വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ എക്‌സില്‍ കുറിച്ചു.
മോദിയോടൊപ്പമുള്ള ചിത്രം എക്‌സില്‍ പങ്കുവെച്ച് ഓസ്ട്രിയന്‍ ചാന്‍സലറും രംഗത്തെത്തി. ഓസ്ട്രിയയിലേക്ക് മോദിയെ സ്വാഗതം ചെയ്യുന്നുവെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ സന്ദര്‍ശനമെന്നും അദ്ദേഹം പറഞ്ഞു.
40 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദര്‍ശിക്കുന്നത്. 1983ല്‍ ഇന്ദിരാഗാന്ധിയാണ് അവസാനമായി രാജ്യം സന്ദര്‍ശിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമാണ് ഈ സന്ദര്‍ശനമെന്ന് മോദി എക്‌സില്‍ കുറിച്ചു.വന്ദേമാതരം പാടിയാണ് ഓസ്ട്രിയയിലെ കലാകാരന്‍മാര്‍ മോദിയെ വരവേറ്റത്.
നേരത്തെ ഓസ്ട്രിയന്‍ ചാന്‍സലര്‍ നെഹാമെറുമായി ചര്‍ച്ചകള്‍ നടത്തുമെന്നും മോദി പറഞ്ഞിരുന്നു. ശേഷം ഓസ്ട്രിയയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. “ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയാണിത്. പ്രധാനമന്ത്രിയുടെ ഈ സുപ്രധാന സന്ദര്‍ശനം ഇന്ത്യ-ഓസ്ട്രിയ ബന്ധം ശക്തിപ്പെടുത്തും,” കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. കൂടാതെ കൂടിക്കാഴ്ചയ്ക്ക് ശേഷം മോദിയും ഓസ്ട്രിയന്‍ ചാന്‍സലറും ചേര്‍ന്ന് ഓസ്ട്രിയയിലെയും ഇന്ത്യയിലേയും വ്യവസായ പ്രമുഖരെ അഭിസംബോധന ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.