രാജ്യത്തെ സെമി ഹൈസ്പീഡ് ട്രെയിൻ വന്ദേഭാരതിന് പിന്നാലെ മിനി വന്ദേഭാരത് ട്രെയിനും അവതരിപ്പിച്ച് റെയിൽവേ. ഉത്തർപ്രദേശിനാണ് ആദ്യത്തെ മിനി വന്ദേഭാരത് ലഭിക്കുക. ഉത്തർപ്രദേശ് നഗരങ്ങളായ ലഖ്നൗ-ഗൊരഖ്പുർ നഗരങ്ങളെ ബന്ധിപ്പിച്ചാണ് ആദ്യ മിനി വന്ദേഭാരത് ട്രെയിൻ ഓടുക. ജൂലൈ ഏഴിന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. മിനി വന്ദേഭാരതിന് ഇരു നഗരങ്ങൾക്കിടയിലുള്ള ദൂരം നാല് മണിക്കൂറായി കുറക്കാനാകുമെന്ന് റെയിൽവേ അറിയിച്ചു. അയോധ്യ വഴിയായിരിക്കും സർവീസ്. യാത്രാ നിരക്കും സ്റ്റേഷനുകളും പിന്നീട് അറിയിക്കുമെന്നും റെയിൽവേ അറിയിച്ചു.
16 കോച്ചുകൾക്ക് പകരം എട്ട് കോച്ചുകളാണ് മിനി വന്ദേഭാരതിനുണ്ടാകുക. 302 കിലോമീറ്റർ ലഖ്നൗ-ഗൊരഖ്പുർ നഗരനഗരങ്ങൾക്കിടയിലുമുള്ള ദൂരം നാല് മണിക്കൂറിനുള്ളിൽ ഓടിയെത്തുമെന്നും റെയിൽവേ അറിയിച്ചു. മണിക്കൂറിൽ 160 കിലോമീറ്ററാണ് വേഗപരിധി.110 കിലോമീറ്റർ വേഗത്തിലായിരിക്കും സഞ്ചരിക്കുകയെന്നും അധികൃതർ അറിയിച്ചു.
കൂടാതെ ജൂലൈ 27ന് അഞ്ച് വന്ദേഭാരത് ട്രെയിനുകൾ കൂടി ഭോപ്പാൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഇതോടെ രാജ്യത്തെ വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 23ആയി ഉയരും.