ഇന്ത്യ-ചൈന അതിർത്തിയിൽ വീണ്ടും സൈനികതല യോഗം നടന്നു. ഇന്ത്യ-ചൈന കോര്‍പ്സ് കമാന്‍ഡര്‍ തല മീറ്റിംഗിന്റെ 21-ാം റൗണ്ട് ലഡാക്കിലെ ലേയില്‍ നടന്നു. ചുഷുല്‍-മോള്‍ഡോ അതിര്‍ത്തി മീറ്റിംഗ് പോയിന്റിലായിരുന്നു ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് നിര്‍ണായകമായി കാണുന്ന ചര്‍ച്ച. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ (എല്‍എസി) ശേഷിക്കുന്ന പ്രദേശങ്ങളില്‍ നിന്ന് പൂർണമായ സൈനിക പിന്മാറ്റം ലക്ഷ്യമിടുന്നതിലായിരുന്നു ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രസക്തമായ സൈനിക, നയതന്ത്ര മാര്‍ഗങ്ങളിലൂടെ ആശയവിനിമയം നിലനിര്‍ത്തണമെന്നും ഈ ഇടക്കാല കാലയളവില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനം നിലനിര്‍ത്തുമെന്നും ഇരുകൂട്ടരും ഇരുപക്ഷവും സമ്മതിച്ചു.
കഴിഞ്ഞ ഒക്ടോബറില്‍, ഇന്ത്യ-ചൈന കോര്‍പ്സ് കമാന്‍ഡര്‍ ലെവല്‍ മീറ്റിംഗിന്റെ 20-ാം റൗണ്ട് ഇന്ത്യയുടെ ഭാഗത്തുള്ള ചുഷുല്‍-മോള്‍ഡോ അതിര്‍ത്തി മീറ്റിംഗ് പോയിന്റില്‍ വിളിച്ചുകൂട്ടിയിരുന്നു. മുന്‍ റൗണ്ട് സൈനിക ചര്‍ച്ചകളില്‍ , ഡെപ്സാങ്ങിന്റെയും ഡെംചോക്കിന്റെയും പോയിന്റുകളില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യന്‍ പക്ഷം ശക്തമായി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. 2020-ല്‍ ആണ് കോര്‍പ്‌സ് കമാന്‍ഡര്‍ തലത്തിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുന്നത് തര്‍ക്കം പരിഹരിക്കുന്നതില്‍ ആശ്രയിച്ചിരിക്കുന്നുവെന്ന് ഇന്ത്യ സ്ഥിരമായി അടിവരയിടുന്നുണ്ട്.
നേരത്തെ കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും ചൈനയും സമ്മതിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. രണ്ട് ദിവസം നീണ്ട ചുഷുല്‍-മോള്‍ഡോ ബോര്‍ഡര്‍ മീറ്റിംഗ് പോയിന്റിലെ കോര്‍പ്‌സ് കമാന്‍ഡര്‍-ലെവല്‍ മീറ്റിംഗിന്റെ 19-ാം റൗണ്ട് സൈനിക ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ഈ തീരുമാനം.