മഥുരയിൽ യമുനാ നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തിൽ മരണസംഖ്യ 14 ആയി ഉയർന്നു. ഏപ്രിൽ 10-ന് നടന്ന അപകടത്തിൽ കാണാതായവർക്കായി നടത്തിയ തിരച്ചിലിൽ തിങ്കളാഴ്ച ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്തി. സ്വാമി ഘട്ടിൽ നിന്ന് കണ്ടെത്തിയ മൃതദേഹം മോണിക്ക എന്ന സ്ത്രീയുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. അപകടസമയത്ത് കാണാതായ ആറുപേരിൽ നാലുപേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. മരിച്ചവരിൽ ഭൂരിഭാഗവും പഞ്ചാബിലെ ലുധിയാന സ്വദേശികളായ വിനോദസഞ്ചാരികളാണ്. 2 പേരെ കൂടി കണ്ടെത്താനുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുന്നു. എൻഡിആർഎഫ് (NDRF), എസ്ഡിആർഎഫ് (SDRF), പ്രാദേശിക പൊലീസ് എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. നദിയിലെ ശക്തമായ ഒഴുക്കും വെള്ളത്തിന്റെ ആഴവും തിരച്ചിലിന് വലിയ വെല്ലുവിളിയാകുന്നുണ്ട്. ബാക്കിയുള്ള രണ്ടുപേർക്കായി ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളും ഫയർഫോഴ്സും പ്രാദേശിക മുങ്ങൽ വിദഗ്ധരും ചേർന്ന് നദിയിൽ വ്യാപകമായ തിരച്ചിൽ തുടരുകയാണ്.
ഏപ്രിൽ 10-ന് മഥുരയിലെ കേശി ഘട്ടിന് സമീപമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. പഞ്ചാബിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി പോയ ബോട്ടാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വൃന്ദാവനത്തിലെ യമുനയിൽ മറിഞ്ഞത്. ഏകദേശം 40 യാത്രക്കാരുമായി യമുനാനദിയിൽ സർവീസ് നടത്തിയ ബോട്ട് ശക്തമായ ഒഴുക്കിൽപ്പെട്ട് പോണ്ടൂൺ പാലത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. അനുവദനീയമായതിലും കൂടുതൽ ആളുകൾ ബോട്ടിൽ കയറിയതായും റിപ്പോർട്ടുകളുണ്ട്. അപകടം നടന്ന ദിവസം തന്നെ പത്തുപേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ തിരച്ചിലിൽ ഡിംപി, റിഷഭ് ശർമ്മ, മണിക് ടണ്ടൻ എന്നിവരുടെ മൃതദേഹങ്ങളും കണ്ടെടുത്തിരുന്നു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
മഥുരയിലെ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിലെ മറ്റ് തീർത്ഥാടന കേന്ദ്രങ്ങളിലും സുരക്ഷാ നടപടികൾ ശക്തമാക്കി. അയോധ്യയിലെ വിവിധ ഘട്ടങ്ങളിൽ ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ബാരിക്കേഡുകൾ സ്ഥാപിക്കുകയും നിരീക്ഷണം കർശനമാക്കുകയും ചെയ്തു. ഭക്തർ നദിയുടെ ആഴമേറിയ ഭാഗങ്ങളിലേക്ക് ഇറങ്ങുന്നത് തടയാനും ആൾക്കൂട്ടത്തെ നിയന്ത്രിക്കാനും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി അയോധ്യ സർക്കിൾ ഓഫീസർ അറിയിച്ചു. വരാനിരിക്കുന്ന തിരക്ക് പരിഗണിച്ച് അപകടങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതൽ നടപടികളാണ് ഭരണകൂടം സ്വീകരിക്കുന്നത്.

