ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്ത ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഡൽഹി റോസ് അവന്യൂ കോടതിയിലാണ് സിസോദിയയെ രാവിലെ അന്വേഷണസംഘം ഹാജരാക്കുന്നത്. ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമായിരിക്കും കോടതിയിൽ ഹാജരാക്കുക. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് മനീഷ് സിസോദിയ.
കോടതിയിൽ ഹാജരാക്കുന്ന മനീഷ് സിസോദിയയെ കസ്റ്റഡിയിൽ വേണമെന്ന് സിബിഐ ആവശ്യപ്പെടാനാണ് സാധ്യത. സിസോദിയ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല എന്ന് സിബിഐ ഇന്നലെ വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. അതേസമയം സിസോദിയയുടെ അറസ്റ്റിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം. എല്ലാ സംസ്ഥാനങ്ങളിലും ബിജെപി ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പാർട്ടി നേതാക്കൾ അറിയിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയെയാണ് വ്യാജക്കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്തതെന്ന് ആം ആദ്മി പ്രതികരിച്ചു.
തുടർച്ചയായി എട്ടുമണിക്കൂർ ചോദ്യം ചെയ്തശേഷമാണ് സിസോദിയയുടെ അറസ്റ്റ് അന്വേഷണസംഘം രേഖപ്പെടുത്തിയത്. ഞായറാഴ്ച രാവിലെയാണ് സിസോദിയയെ ചോദ്യം ചെയ്യാൻ സിബിഐ ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തിയത്. സെൻട്രൽ ഡൽഹിയിലെ ലോധി റോഡിലുള്ള സിബിഐ ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്തത്. സുസോദിയയെ അറസ്റ്റ് ചെയ്തതിനു ശേഷം സിബിഐ ഓഫീസിലും പരിസരത്തും ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരുന്നു.