മദ്യനയ കേസിൽ അറസ്റ്റിലായ ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മാർച്ച് 20 വരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ആം ആദ്മി പാർട്ടി (എഎപി) നേതാവ് മദ്യം കുംഭകോണക്കേസിൽ അറസ്റ്റിലായതിനെ തുടർന്ന് ഒരാഴ്ചയായി സിബിഐ കസ്റ്റഡിയിലാണ്. ദില്ലി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ സിസോദിയയെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്ന് സിബിഐ ആവശ്യപ്പെടുകയായിരുന്നു. ഡയറി, ഭഗവത് ഗീത, പെൻ, കണ്ണട എന്നിവ സെല്ലിൽ കൈയിൽ വയ്ക്കാൻ കോടതി അദ്ദേഹത്തിന് അനുമതി നൽകിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 26നാണ് ഇദ്ദേഹത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. കോടതി ആദ്യം ഇദ്ദേഹത്തെ അഞ്ചുദിവസത്തെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു. പിന്നീട് വെള്ളിയാഴ്ച സി.ബി.ഐ കോടതിയിൽ ഹാജരാക്കിയ സിസോദിയയുടെ റിമാന്റ് കാലാവധി രണ്ടുദിവസത്തേക്ക് കൂടി നീട്ടി. അത് അവസാനിച്ചിരിക്കെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കുകയായിരുന്നു.
അതേ സമയം, കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. പാർട്ടി നേതാക്കളെ കേന്ദ്രം വേട്ടയാടുകയാണെന്ന് കെജ്‌രിവാൾ ആരോപിച്ചു. എവിടെ മറ്റു പാർട്ടികൾ സര്‍ക്കാര്‍ ഉണ്ടാക്കിയാലും ഇഡിയും സിബിഐയും റെയ്ഡ് ചെയ്യുകയാണെന്നും ദില്ലി മുഖ്യമന്ത്രി വ്യക്തമാക്കി.