മൃഗശാലയിലെ സിംഹങ്ങള്‍ക്ക് സീത, അക്ബര്‍ എന്നീ പേരിട്ട സംഭവത്തില്‍ ത്രിപുര സര്‍ക്കാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. വൈല്‍ഡ് ലൈഫ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രബിന്‍ ലാല്‍ അഗര്‍വാളിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സിംഹങ്ങള്‍ക്ക് അക്ബര്‍, സീത എന്ന് പേരിട്ടത് ശരിയായില്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി പറഞ്ഞതിന് പിന്നാലെയാണ് നടപടി. സിംഹത്തിന് സീതയെന്ന് പേരിട്ടത് മതവികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് വിശ്വ ഹിന്ദു പരിഷത്ത് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു.
1994 ബാച്ച് ഐഎഫ്എസ് ഓഫീസറാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പ്രബിന്‍ ലാല്‍ അഗര്‍വാള്‍. ഇദ്ദേഹം ത്രിപുരയുടെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായി സേവനമനുഷ്ടിച്ച് വരികയായിരുന്നു. മൃഗങ്ങളുടെ കൈമാറ്റ പരിപാടിയുടെ ഭാഗമായി ത്രിപുരയിലെ സെപാഹിജാല മൃഗശാലയില്‍ നിന്നും ഫെബ്രുവരി 12നായിരുന്നു സിംഹങ്ങളെ സിലിഗുരിയിലെ വടക്കന്‍ ബംഗാള്‍ വന്യ മൃഗ പാര്‍ക്കിലേക്ക് മാറ്റിയത്. സിംഹങ്ങളെ സിലിഗുറിയിലേക്ക് കൈമാറുന്നതിന് മുമ്പ് രജിസ്റ്ററില്‍ സീത എന്നും അക്ബര്‍ എന്നും പേരെഴുതിച്ചേര്‍ത്തതും ഇദ്ദേഹമായിരുന്നു.
അക്ബര്‍, സീത സിംഹങ്ങളെ ഒരുമിച്ച് കൂട്ടിലിട്ടെന്നാരോപിച്ച് വിഎച്ച്പി കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. വിഷയം വിവാദമായതോടെ വിശ്വ ഹിന്ദു പരിഷത്ത് കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സിംഹങ്ങളുടെ പേര് മാറ്റാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
നേരത്തെ, സംഭവത്തില്‍ ത്രിപുര സര്‍ക്കാര്‍ വൈല്‍ഡ് ലൈഫ് അധികൃതരോട് വിശദീകരണം തേടിയിരുന്നു. സിംഹങ്ങള്‍ക്ക് അക്ബര്‍, സീത എന്ന് പേരിട്ടത് ശരിയായില്ലെന്നാണ് കല്‍ക്കട്ട ഹൈകോടതി വിധിച്ചത്. വിവാദങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും സിംഹങ്ങള്‍ക്ക് മറ്റെന്തെങ്കിലും പേര് നല്‍കണമെന്നും കോടതി നിരീക്ഷിച്ചിരുന്നു.