കരൂർ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ച സംഭവത്തിൽ തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്ക്ക് സിബിഐ സമൻസ് അയച്ചു. ഈ മാസം 12-ന് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
ദുരന്തത്തിൽ സുതാര്യമായ അന്വേഷണം വേണമെന്ന് വിജയ് തന്നെ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് കേസ് സിബിഐക്ക് വിട്ടത്. കേസിൽ തമിഴ്നാട് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തോട് വിജയ് പൂർണ്ണമായി സഹകരിച്ചിരുന്നില്ല എന്ന ആക്ഷേപം നിലനിൽക്കെയാണ് സിബിഐയുടെ നിർണ്ണായക നീക്കം. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് രാഷ്ട്രീയത്തിൽ സജീവമാകുന്നതിനിടെ ലഭിച്ച ഈ സമൻസ് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. റാലിയുടെ സംഘാടനത്തിലെ വീഴ്ചകൾ, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ വിജയിൽ നിന്ന് സിബിഐ തേടുമെന്നാണ് സൂചന.
വിജയ് തമിഴ്നാട്ടിൽ രൂപീകരിച്ച ടിവികെ രാഷ്ട്രീയ പാർട്ടിയുടെ പ്രചാരണ റാലിക്കിടെയാണ് കരൂരിൽ വൻ ദുരന്തമുണ്ടായത്. 2025 സെപ്റ്റംബർ 27 കരൂരിലെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് കുട്ടികളടക്കം 41 പേർ മരിച്ചിരുന്നു. വിജയ് എത്താൻ വൈകിയതും പൊലീസ് അനുവദിച്ചതിലേറെ ജനങ്ങൾ എത്തിയതും ദുരന്തത്തിലേക്ക് നയിച്ചുവെന്നാണ് ആരോപണം.

