ഡൽഹി: ആക്സിയം-4 ദൗത്യത്തിന്റെ വിജയകരമായ പൂർത്തീകരണത്തിന് ശേഷം, ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ല ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉജ്ജ്വലമായ സ്വീകരണം ഏറ്റുവാങ്ങി നാട്ടിലേക്ക് മടങ്ങി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 18 ദിവസത്തെ ദൗത്യത്തിനുശേഷമാണ് ശുഭാൻഷു തിരിച്ചെത്തിയത്. പ്രധാനമന്ത്രിയുമായി ശുഭാൻശു കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
ഐഎസ്ആർഒ ചെയർമാനും ഡൽഹി മുഖ്യമന്ത്രിയും കുടുംബാംഗങ്ങൾക്കൊപ്പം ശുഭാൻഷുവിനെ സ്വീകരിച്ചു. ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരികളിലൊരാളായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരും ശുഭാൻഷുവിനൊപ്പമുണ്ടായിരുന്നു.
ഓഗസ്റ്റ് 23 ന് ദേശീയ ബഹിരാകാശ ദിനാചരണ പരിപാടികളിലും ശുഭാൻശു പങ്കെടുക്കും. ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും,അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനുമായാണ് ശുഭാൻഷു ചരിത്രം കുറിച്ചത്. ആക്സിയം 4 ദൗത്യത്തിലെ ശുഭാൻഷുവിൻ്റെ അനുഭവങ്ങൾ ഇന്ത്യയുടെ വരുംകാല ബഹിരാകാശ ദൗത്യങ്ങളിൽ നിർണായകമാകും.
ആക്സിയം സ്‌പെയ്‌സിന്റെ വാണിജ്യ ബഹിരാകാശ യാത്രാ പരിപാടിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആക്‌സ്-4 ദൗത്യത്തിൽ നിർണായക ഗവേഷണ പ്രവർത്തനങ്ങൾ, അന്താരാഷ്ട്ര ബന്ധങ്ങൾ, അടുത്ത തലമുറ ബഹിരാകാശ സാങ്കേതികവിദ്യകൾക്ക് സംഭാവന നൽകുന്ന പ്രവർത്തന പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ആഗോള ബഹിരാകാശ സഹകരണത്തിൽ ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന സാന്നിധ്യത്തിൽ ശുക്ലയുടെ പങ്കാളിത്തം മറ്റൊരു സുപ്രധാന ചുവടുവയ്പ്പായി
ഇന്ത്യയിലേക്ക് മടങ്ങും മുൻപ് ശുഭാൻഷു വൈകാരിക കുറിപ്പ് പങ്കുവെച്ചിരുന്നു. “ഇന്ത്യയിലേക്ക് മടങ്ങാനായി വിമാനത്തിലിരിക്കുമ്പോൾ, എൻ്റെ ഹൃദയത്തിൽ വികാരങ്ങൾ ഒഴുകിയെത്തുന്നു. കഴിഞ്ഞ ഒരു വർഷക്കാലമായി എന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായിരുന്ന അത്ഭുതകരമായ ഒരു കൂട്ടം ആളുകളോട് വിട പറയുന്നതിൽ എനിക്ക് ദുഃഖമുണ്ട്. അതേസമയം ദൗത്യത്തിനുശേഷം ആദ്യമായി എൻ്റെ രാജ്യത്തെയും സുഹൃത്തുക്കളെയും കുടുംബത്തെയുമെല്ലാം കാണാൻ പോകുന്നതിലുള്ള ആവേശത്തിലാണ് ഞാൻ. ജീവിതം ഇതാണെന്ന് ഞാൻ കരുതുന്നു,” എന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.