ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു. ട്രംപിന്റെ പുതിയ നിലപാടിന് പിന്നാലെയാണ് മോദിയുടെ എക്‌സിലൂടെയുള്ള പ്രതികരണം. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ആഗോളതലത്തിലും സമഗ്രവും തന്ത്രപ്രധാനവുമായ പങ്കാളത്തമുണ്ടെന്നും മോദി എക്‌സിൽ കുറിച്ചു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അൻപത് ശതമാനം തീരുവ ഏർപ്പെടുത്തിയുള്ള യുഎസ് തീരുമാനത്തിന് ശേഷം ഇതാദ്യമായാണ് മോദി ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കുന്നത്.
ഇന്ത്യയും അമേരിക്കയും തമ്മിൽ ഒരു പ്രത്യേക ബന്ധമുണ്ടെന്നും ഇരു രാജ്യങ്ങൾക്കുമിടയിലെ നിലവിലെ സംഘർഷം ചിലപ്പോൾ നിമിഷങ്ങൾ കൊണ്ട് അവസാനിക്കുമെന്നുമാണ് ട്രംപ് പറഞ്ഞത്. “പ്രധാനമന്ത്രി മോദിയെയും ട്രംപ് അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. മോദിയുമായി എനിക്ക് എപ്പോഴും സൗഹൃദമുണ്ടാകും, അദ്ദേഹം ഒരു മികച്ച പ്രധാനമന്ത്രിയാണ്. അദ്ദേഹം മികച്ചവനാണ്. ഞങ്ങൾ എപ്പോഴും സുഹൃത്തുക്കളായിരിക്കും. എന്നാൽ അദ്ദേഹം ഇപ്പോൾ ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല”- ട്രംപ് പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം നയതന്ത്ര ഘട്ടത്തിലൂടെ തുടരുന്നതിനാൽ, ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ തയ്യാറാണോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു യുഎസ് പ്രസിഡന്റ്. ഇന്ത്യ-യുഎസ് ബന്ധത്തിൽ ഉണ്ടായ പിരിമുറുക്കത്തിനിടയിലും ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാൻ പുടിനെ പ്രേരിപ്പിക്കാനുള്ള സ്വന്തം ശ്രമങ്ങൾക്കിടയിലുമാണ് ട്രംപിന്റെ പരാമർശം.
നേരത്തെ, സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യൽ വഴി രൂക്ഷമായ വിമർശനമാണ് ട്രംപ് ഇന്ത്യയ്ക്കെതിരെ നടത്തിയത്. ഇന്ത്യയും റഷ്യയും കൂടുതൽ ഇരുണ്ട ചൈനയിലേക്ക് പോയെന്നാണ് സാമൂഹിക മാധ്യമത്തിലെ പോസ്റ്റിലൂടെ ട്രംപ് പരിഹസിച്ചത്. ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിയിൽ മൂന്ന് രാജ്യങ്ങളുടെയും നേതാക്കൾ ഒരുമിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് ട്രംപിൻറെ ഈ പ്രതികരണം.ഇന്ത്യയും റഷ്യയും കൂടുതൽ ഇരുണ്ട ചൈനയിലേക്ക് പോയെന്ന് തോന്നുന്നു. അവർക്ക് ദീർഘവും സമൃദ്ധവുമായ ഒരു ഭാവി ഉണ്ടാകട്ടെ! എന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇതിനുപിന്നാലെയാണ് നിലപാട് മയപ്പെടുത്തി വീണ്ടും ട്രംപ് രംഗത്തെത്തിയത്.