2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാരം 16 ശതമാനം വളർച്ചയോടെ 84.5 ബില്യൺ ഡോളറിലെത്തി. ഇരുരാജ്യങ്ങൾക്കുമിടയിൽ മുൻ വർഷം 72.9 ബില്യൺ ഡോളറിന്റെ വർച്ചയായിരുന്നു ഉണ്ടായത്. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ നിലയിൽ വന്നശേഷം യു.എ.ഇ.യിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി $30 ബില്യൺ കവിഞ്ഞതായി വാണിജ്യ-വ്യവസായ മന്ത്രാലയം ഡിപിഐഐടി സെക്രട്ടറി രാജേഷ് കുമാർ സിംഗ് പറഞ്ഞു. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഇരു രാജ്യങ്ങൾക്കും ഗുണകരമാണെന്നും രാജേഷ് കുമാർ സിംഗ് പറഞ്ഞു. യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 11.8 ശതമാനം വർധിച്ച് 31.3 ബില്യൺ യുഎസ് ഡോളറിലെത്തി. രത്ന-ആഭരണ മേഖല 16.54 ശതമാനം വളർച്ച കൈവരിച്ചു. ഇന്ത്യയും യു എ ഇ യും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (സെപ) ഒന്നാം വാർഷികത്തോടനുബന്ധിച്ച് ദുബായിൽ ഇന്ത്യ ജ്വല്ലറി എക്സ്പൊസിഷൻ സെന്റർ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാജേഷ് കുമാർ സിംഗ്. മിഡിൽ ഈസ്റ്റിലെ രാജ്യങ്ങൾ ഉൾപ്പടെ മറ്റുവിദേശരാജ്യങ്ങളുമായി വ്യാപാര കരാർ ഒപ്പുവെക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉഭയകക്ഷി സാമ്പത്തിക വ്യാപാര നിക്ഷേപ ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ചയെ മുന്നോട്ട് നയിക്കുന്നതിനുമുള്ള ചരിത്രപരമായ ഇന്ത്യ-യുഎഇ സിഇപിഎ ഒരു പ്രധാന വ്യാപാര കരാറാണെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു. ഇന്ത്യൻ കയറ്റുമതിക്കാർക്ക് മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളിലേക്കുള്ള ഒരു ഗേറ്റ്‌വേ കൂടിയാണ് കരാർ എന്നും അദ്ദേഹം പറഞ്ഞു.
CEPA യുടെ നേട്ടങ്ങൾ ആഘോഷിക്കുമ്പോൾ, കൂട്ടായ വളർച്ചയുടെ സൃഷ്ടിക്കാമെന്നും സമൃദ്ധിയുടെ ഒരു യുഗത്തിന് തുടക്കമിടുമെന്നും യു.എ.ഇ സാമ്പത്തിക മന്ത്രാലയത്തിലെ വിദേശ വ്യാപാര അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ജുമാ അൽ കൈത് പറഞ്ഞു. യുഎഇയുടെ ഏറ്റവും വലിയ എണ്ണ ഇതര കയറ്റുമതി സ്വർണ്ണം ആണെന്നും 2030-ഓടെ വ്യാപാര ലക്ഷ്യം 100 ബില്യൺ യുഎസ് ഡോളറായിരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ജ്വല്ലറി വ്യവസായം ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുമെന്നും രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി 10 ബില്യൺ യുഎസ് ഡോളറിന്റെ കോവിഡിന് മുമ്പുള്ള നിലവാരത്തിലേക്ക് യുഎഇയിലേക്ക് കൊണ്ടുപോകുമെന്നും തുടർച്ചയായ പിന്തുണയും സഹകരണവും ഉണ്ടെങ്കിൽ ഉഭയകക്ഷി വ്യാപാര ബന്ധങ്ങൾ പുതിയ ഉയരങ്ങളിലെത്തിക്കാനും മികച്ച വിജയം നേടാനും കഴിയുമെന്നും ജിജെഇപിസി ചെയർമാൻ വിപുൽ ഷാ പറഞ്ഞു. ഡോ. ശ്രീകർ കെ. റെഡ്ഡി (ജോയിന്റ് സെക്രട്ടറി, വാണിജ്യ വ്യവസായ മന്ത്രാലയം, ഇന്ത്യാ ഗവൺമെന്റ്) സഞ്ജീവ്, (ജോയിന്റ് സെക്രട്ടറി, DPIIT, വാണിജ്യ വ്യവസായ മന്ത്രാലയം, ഇന്ത്യാ ഗവൺമെന്റ്) കിരിത് ബൻസാലി (വൈസ് ചെയർമാൻ, GJEPC) എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. കൂടാതെ ഇന്ത്യയിലെയും യുഎഇയിലെയും ഉന്നതഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.
ഇന്ത്യ-യുഎഇ സിഇപിഎയുടെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി അപെക്‌സ് ട്രേഡ് ബോഡി ജെം ആൻഡ് ജ്വല്ലറി എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ (ജിജെഇപിസി) ദുബായിൽ 365 ദിവസത്തെ എക്‌സിബിഷൻ പ്ലാറ്റ്‌ഫോമായ ഇന്ത്യാ ജ്വല്ലറി എക്‌സ്‌പോസിഷൻ സെന്റർ (ഐജെഎക്‌സ്) ആരംഭിച്ചു. ദുബായ് ദെയ്‌റയിലെ പുതിയ ഗോൾഡ് സൂക്കിൽ 365 ദിവസത്തെ എക്‌സിബിഷനും പ്രദർശന വേദിയുമാണ് IJEX. തദ്ദേശീയ ഉൽപ്പന്നങ്ങൾ മിഡിൽ ഈസ്റ്റ് വിപണിയിൽ തുടർച്ചയായി പ്രദർശിപ്പിക്കുന്നതിന് MSME ജ്വല്ലറികൾക്ക് ഇത് വളരെ ഉപകാരപ്രദമായ പ്ലാറ്റ്ഫോമായിരിക്കും. ഇന്ത്യയിൽ നിന്ന് രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതിയുടെ 30% മിഡിൽ ഈസ്റ്റ് വിപണിയിലേക്ക് ആയതിനാൽ ഇന്ത്യയുടെ MSME നിർമ്മാതാക്കൾക്ക് WANA മേഖലയിൽ വിപുലീകരിക്കുന്നതിന് ഇന്ത്യ-UAE CEPA പ്രയോജനപ്പെടുത്താനും സാധ്യമാകും.