ചൈനയില്‍ അതിവേഗം പടർന്നുപിടിക്കുന്ന ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (HMPV) സംബന്ധിച്ച് ആശങ്കയുടെ ആവശ്യമില്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് (DGHS) ഡോ. അതുല്‍ ഗോയല്‍. ഇന്ത്യയില്‍ ഇതുവരെ ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്എംപിവി) കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറൽ ഡോ അതുൽ ഗോയൽ പറഞ്ഞു. ജലദോഷത്തിനോ പനിക്കോ സ്ഥിരമായി മരുന്ന് കഴിച്ചാൽ മതിയെന്നും നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അതുൽ ഗോയൽ പറഞ്ഞു. സാധാരണ ജലദോഷത്തിന് കാരണമാകുന്ന മറ്റ് ശ്വസന വൈറസുകളെപ്പോലെയാണ് എച്ച്എംപിവി വൈറസെന്നും ഡോ.ഗോയൽ പറഞ്ഞു. വൈറസ് കാരണം കുട്ടികൾക്കും പ്രായമായവർക്കും പനി പോലുള്ള ലക്ഷണങ്ങൾ ഉണ്ടാകാം, അദ്ദേഹം പറഞ്ഞു. ചുമയോ ജലദോഷമോ ഉണ്ടെങ്കിൽ, അണുബാധ പടരാതിരിക്കാൻ മറ്റുള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക തുടങ്ങിയ ശ്വാസകോശ സംബന്ധമായ അണുബാധകൾക്കുള്ള പൊതുവായ മുൻകരുതലുകൾ പാലിക്കാനും അദ്ദേഹം ആളുകളെ ഉപദേശിച്ചു.
എച്ച്എംപിവി വ്യാപനം സംബന്ധിച്ച് സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്ന് നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഉന്നത ഉദ്യോഗസ്ഥന്റെ പ്രതികരണം. ‘ചൈനയില്‍ മെറ്റാന്യൂമോവൈറസ് പൊട്ടിപ്പുറപ്പെട്ടതായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ആ കണക്കില്‍ ഞാന്‍ വളരെ വ്യക്തമായി പറയട്ടെ. ജലദോഷത്തിന് കാരണമാകുന്ന സാധാരണ ശ്വസനസംബന്ധമായ വൈറസിനെ പോലെയാണ് മെറ്റാന്യൂമോവൈറസ്, വളരെ പ്രായമായവരിലും വളെര പ്രായം കുറഞ്ഞവരിലും ഇത് ഒരു പനി പോലുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാകും’- ഡോ. അതുല്‍ ഗോയല്‍ പറഞ്ഞു.
രാജ്യത്തിനകത്ത് ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികളുടെ ഡാറ്റ വിശകലനം ചെയ്തിട്ടുണ്ടെന്നും 2024 ഡിസംബറിലെ ഡാറ്റയില്‍ കാര്യമായ വർധനവ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ വൈറസ് അണുബാധകള്‍ ഉണ്ടാകാറുണ്ടെന്നും അതിനായി ആശുപത്രികള്‍ സാധാരണയായി തയ്യാറെടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്താണ് എച്ച്എംപിവി വൈറസ് ?
ന്യൂമോവിരിഡേ കുടുംബത്തിലെ മെറ്റാന്യൂമോ വര്‍ഗത്തില്‍പെട്ട വൈറസാണിത്. ശ്വാസകോശ അണുബാധയുള്ള കുട്ടികളില്‍ നിന്നുള്ള സാംപിളുകള്‍ പഠിക്കുന്നതിനിടെ 2001 ല്‍ ഡച്ച് ഗവേഷകരാണ് ഇത് ആദ്യമായി കണ്ടെത്തിയത്. പ്രായമായവരും കുട്ടികളും പ്രതിരോധശക്തി കുറഞ്ഞവരുമാണ് അപകടസാധ്യതാ വിഭാഗത്തിലുള്ളത്. വൈറസ് ബാധിച്ചവരിൽ ഏറെപേരും രോഗം തിരിച്ചറിയുന്നില്ലെന്നും ടെസ്റ്റുകൾ ചെയ്യുന്നില്ലെന്നും ആരോഗ്യവിദഗ്ധർ ആശങ്കപ്പെടുന്നു. വൈറസിനെ പ്രതിരോധിക്കാൻ പ്രാപ്തമായ വാക്സിൻ കണ്ടെത്തിയിട്ടില്ലാത്തതും ആന്റിവൈറൽ മരുന്നുകൾ ഇല്ലാത്തതുമാണ് പ്രാധാന വെല്ലുവിളി. ഫ്ലൂ ആയോ ചുമ, ജലദോഷം, പനി, തുമ്മൽ എന്നിങ്ങനെയോ ശരീരത്തിൽ കയറുന്ന വൈറസ്, രോഗപ്രതിരോധശേഷി കുറവുള്ളവരിൽ പിന്നീട് ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയിലേക്കു കടക്കും. രോഗം വർധിക്കുന്നതിൽ കോവിഡിന് ശേഷമുള്ള ശാരീരിക അവസ്ഥയും പ്രധാന ഘടകമാണ്.