ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് ജയം. ധാക്കയിൽ നടന്ന രണ്ടാം ടി20യിൽ എട്ട് റൺസിന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. കുറഞ്ഞ സ്കോറിംഗ് മത്സരത്തിൽ മിന്നുന്ന പ്രകടനം നടത്തിയ ഇന്ത്യൻ ബൗളർമാരാണ് ടീമിനെ വിജയത്തിലെത്തിച്ചത്.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 95 റണ്സാണ് ആകെ നേടിയത്. 14 പന്തിൽ 19 റൺസെടുത്ത ഷെഫാലി വർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. മൂന്ന് പന്തുകൾ നേരിട്ട മിന്നു ഒരു ഫോറടക്കം അഞ്ചു റൺസെടുത്തു പുറത്താകാതെനിന്നു. 33 റൺസെടുത്തു നിൽക്കെ ആദ്യ വിക്കറ്റു പോയ ഇന്ത്യയ്ക്ക് തൊട്ടുപിന്നാലെ രണ്ടു വിക്കറ്റുകൾ കൂടി നഷ്ടമായത് തിരിച്ചടിയായി.
ആവേശകരമായ മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി മലയാളി താരം മിന്നു മണി. നാല് ഓവറുകൾ പന്തെറിഞ്ഞ താരം ഒൻപതു റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. മിന്നുവിന്റെ ഒരോവറിൽ റണ്ണൊന്നുമെടുക്കാൻ ബംഗ്ലദേശ് ബാറ്റർമാർക്കു സാധിച്ചില്ല. മത്സരത്തിൽ ഇന്ത്യൻ വനിതകൾ എട്ട് റൺസ് വിജയം സ്വന്തമാക്കി. രണ്ടാം വിജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയും ഇന്ത്യ നേടി. ഇന്ത്യ ഉയർത്തിയ 96 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശ് 87 റൺസെടുത്തു പുറത്തായി.ഇന്ത്യക്കായി ദീപ്തി ശർമ്മയും ഷെഫാലിയും 3 വിക്കറ്റുകൾ നേടിയപ്പോൾ മിന്നു മണി 2 വിക്കറ്റും വീഴ്ത്തി. പരമ്പരയിലെ മൂന്നാം മത്സരം ജൂലൈ 13ന് നടക്കും.