ഉത്തരാഖണ്ഡിൽ നിർത്താതെ പെയ്യുന്ന മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ദേശീയ പാതകൾ ഉൾപ്പെടെയുള്ള വിവിധ റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. ജനങ്ങളുടെ സഞ്ചാരത്തെ ബാധിച്ചതായും അധികൃതർ അറിയിച്ചു. ചമോലി ജില്ലയിൽ ഞായറാഴ്ച വൈകുന്നേരം മുതൽ പെയ്ത മഴയിൽ തരളി, നന്ദ നഗർ ഘട്ട് മേഖലകളിൽ വൻ നാശനഷ്ടമുണ്ടായി. ചമോലിയിലെ പിണ്ടാർ, നന്ദാകിനി നദികളിലെ ജലനിരപ്പ് ക്രമാതീതമായി വർധിച്ചത് സമീപ പ്രദേശങ്ങളെ അപകടത്തിലാക്കി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വ്യാപകമായ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ട്. മഴയിൽ ഒരു മോട്ടോർ പാലവും തൂക്കുപാലവും ഒലിച്ചുപോയി. തുടർച്ചയായി പെയ്യുന്ന മഴ നന്ദ നഗർ ഘട്ട് മേഖലയിലെ മന്ദാകിനി നദിയിലെ ജലനിരപ്പും വർധിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ പ്രദേശവാസികളോട് സർക്കാർ നിർദേശിച്ചിട്ടുണ്ട്.
തെഹ്‌രിയിലെ കുഞ്ചപുരി ബഗർധറിന് സമീപം മണ്ണിടിച്ചിലിനെത്തുടർന്ന് ഋഷികേശ്-ചമ്പ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഋഷികേശ്-ദേവപ്രയാഗ്-ശ്രീനഗർ ദേശീയ പാതയിൽ സഖ്നിധറിൽ ഹെവി വാഹനങ്ങളുടെ ഗതാഗതം നിർത്തിവച്ചു. ഹരിദ്വാറിലെ ഗംഗാ നദി 294.90 മീറ്ററിൽ അപകടരേഖയ്ക്ക് മുകളിലാണ് ഒഴുകുന്നത്.
റെഡ് അലർട്ട് പ്രഖ്യാപിച്ച തെഹ്‌രി, ഡെറാഡൂൺ, പൗരി, ചമ്പാവത്ത്, നൈനിറ്റാൾ, ഉധം സിംഗ് നഗർ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ രണ്ടു ദിവസത്തേക്ക് ശക്തമായ ഇടിയും മിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഹരിദ്വാർ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡെറാഡൂൺ, നൈനിറ്റാൾ എന്നിവയുൾപ്പെടെ സംസ്ഥാനത്തെ ആറ് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തിങ്കളാഴ്ചയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ പെയ്ത മഴയിൽ 60 പേർ മരിക്കുകയും 17 പേരെ കാണാതാവുകയും ചെയ്തു.
ഡൽഹി, പഞ്ചാബ്, ചണ്ഡീഗഡ്, ഹരിയാന, ഹിമാചൽ പ്രദേശ്, പടിഞ്ഞാറൻ ഉത്തർപ്രദേശ്, അരുണാചൽ പ്രദേശ്, അസം, മേഘാലയ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, സബ് ഹിമാലയൻ പശ്ചിമ ബംഗാൾ, സിക്കിം എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായാണ് അറിയിച്ചിരിക്കുന്നത്.