നിരോധിത ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ തലവനായിരുന്ന ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് കനേഡിയൻ മാധ്യമമായ സിബിഎസ്. സിബിഎസ് നെറ്റ്‌വർക്കിൻ്റെ സംപ്രേക്ഷണം ചെയ്യുന്ന കനേഡിയൻ അന്വേഷണാത്മക ഡോക്യുമെൻ്ററി പരമ്പരയായ ‘ദി ഫിഫ്ത്ത് എസ്റ്റേറ്റ്’-ൽ നിന്ന് സിബിഎസ് ന്യൂസിന് വീഡിയോ ലഭിക്കുകയായിരുന്നു. ഒന്നിലധികം ഉറവിടങ്ങൾ ഈ ദൃശ്യങ്ങൾ പരിശോധിച്ചുവെന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ചാരനിറത്തിലുള്ള ഡോഡ്ജ് റാം പിക്കപ്പ് ട്രക്കിൽ ഗുരുദ്വാരയുടെ പാർക്കിംഗ് സ്ഥലത്ത് നിന്ന് നിജ്ജാർ ഇറങ്ങിപ്പോകുന്നത് വീഡിയോയിൽ കാണാം. ഒരു വെളുത്ത സെഡാൻ അടുത്തുള്ള റോഡിലൂടെ പോകുന്നതും പിന്നീട് എക്സിറ്റിനടുത്തെത്തുമ്പോൾ കാർ നിജ്ജാറിൻ്റെ മുന്നിൽ വന്ന് ട്രക്ക് തടയുന്നതും വ്യക്തമാണ്. തുടർന്ന്, രണ്ട് പേർ ട്രക്കിലേക്ക് ഓടിക്കയറി നിജ്ജാറിനെ വെടിവെച്ച് കൊലപ്പെടുത്തി. ഇവർ പിന്നീട് സിൽവർ ടൊയോട്ട കാമ്രി കാറിൽ ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.
നജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം ഇരു രാജ്യങ്ങളും തമ്മിലുളള നയതന്ത്രബന്ധം വഷളാക്കിയിരുന്നു. കാനഡയുടെ ആരോപണം ഇന്ത്യ നിഷേധിക്കുകയാണ്. 2020 ലാണ് നിജ്ജറെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചത്. ഖാലിസ്ഥാൻ അനുകൂല സംഘടനകൾ തമ്മിലുള്ള തർക്കവും സംഘർഷവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. ഹർദീപ് സിംഗ് നിജ്ജാറുടെ കൊലപാതകം രണ്ട് മാഫിയ ഗ്യാങ്ങുകൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ ഭാഗമായിരുന്നുവെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. എന്നാൽ നിജ്ജാറുടെ കൊലപാതകത്തിന് ഇന്ത്യയിലെ അന്വേഷണ ഏജൻസികൾക്ക് പങ്കുണ്ടെന്നായിരുന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്ററിൻ ട്രൂഡോയുടെ പ്രസ്താവന. ഇതാണ് കാനഡ ഇന്ത്യ ബന്ധത്തിൽ വിള്ളൽ വീഴ്ത്തുന്ന നിലയിലേക്ക് എത്തിയത്.
നിരോധിത ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ തലവനായിരുന്ന ഹര്‍ദീപ് സിംഗ് നിജ്ജാറിനെ 2020 ലാണ് ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചത്. നിരോധിത തീവ്രവാദ സംഘടനയായ കെടിഎഫിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലും പരിശീലനം നല്‍കുന്നതിലും നിജ്ജാര്‍ സജീവമായി പങ്കെടുത്തിരുന്നതായി സുരക്ഷാ ഏജന്‍സികള്‍ പറയുന്നു. വിഘടനവാദി സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെയും (എസ്എഫ്‌ജെ) ഭാഗമായിരുന്നു ഇയാൾ. ഭീകര പ്രവര്‍ത്തനങ്ങളുമായുളള നിജ്ജാറിന്റെ ബന്ധത്തെക്കുറിച്ചുള്ള ആശങ്കകള്‍ പലതവണ ഇന്ത്യ അറിയിച്ചിരുന്നു.