ചികിത്സയില്‍ കഴിയുന്ന തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം. അദ്ദേഹത്തിന് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ആശുപത്രി വിടാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ കെസിആര്‍ പൂര്‍ണമായി സുഖം പ്രാപിക്കാന്‍ 6 മുതല്‍ 8 ആഴ്ച വരെ എടുക്കും.
വെള്ളിയാഴ്ചയാണ് ഫാം ഹൗസിലെ ശുചിമുറിയില്‍ കാല്‍വഴുതി വീണ കെഎസിആറിനെ ഹൈദരാബാദിലെ യശോധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീഴ്ചയില്‍ ഇടത് ഇടുപ്പിന് ഒടിവുള്ളതായി കണ്ടെത്തിയത്. ഇതോടെ ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.
ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പുറത്തിറക്കിയ ഹെല്‍ത്ത് ബുള്ളറ്റിന്‍ വെളിപ്പെടുത്തി. ശസ്ത്രക്രിയയോട് ശരീരം നന്നായി പ്രതികരിച്ചിരുന്നതായി അവര്‍ പറഞ്ഞു. ഓപ്പറേഷന്‍ വിജയിച്ചതിനാല്‍ കെസിആറിനെ ഓപ്പറേഷന്‍ തിയറ്ററില്‍ നിന്ന് ജനറല്‍ റൂമിലേക്ക് മാറ്റി. അദ്ദേഹം പൂര്‍ണമായി സുഖം പ്രാപിക്കാന്‍ 6 മുതല്‍ 8 ആഴ്ച വരെ എടുക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ഭാരത് രക്ഷാ സമിതി (ബിആര്‍എസ്) എക്‌സില്‍ കുറിച്ചു.