പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ശിരോമണി അകാലി ദൾ നേതാവുമായ പ്രകാശ് സിങ് ബാദൽ അന്തരിച്ചു. 95 വയസായിരുന്നു. ശ്വാസതടസത്തെത്തുടർന്ന് വെള്ളിയാഴ്ച മുതൽ മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തീവ്രപരിചരണവിഭാഗത്തിൽ ചികിൽസയിലിരിക്കെ രാത്രി 8.28 നാണ് മരണമെന്ന് മകനും അകാലി ദൾ പാർട്ടി പ്രസിഡന്റും പഞ്ചാബ് മുന് ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിങ് ബാദൽ അറിയിച്ചു. പ്രകാശ് സിങ് ബാദലിനോടുള്ള ആദരസൂചകമായി രാജ്യത്ത് രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ബുധനാഴ്ചയും വ്യാഴാഴ്ചയും ദേശീയ പതാക പതിവായി ഉയർത്തുന്ന സ്ഥലങ്ങളിൽ പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗികമായ ആഘോഷ പരിപാടികളും ഈ ദിനങ്ങളിൽ ഉണ്ടാകില്ല. ഭട്ടിൻഡയിലെ ബാദൽ ഗ്രാമത്തിലായിരിക്കും സംസ്കാരം. ബുധനാഴ്ച രാവിലെ മൊഹാലിയിൽനിന്ന് ബാദൽ ഗ്രാമത്തിലേക്ക് ഭൗതികശരീരം കൊണ്ടുപോകും.
ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായന്മാരിൽ ഒരാളായ പ്രകാശ് സിങ് ബാദൽ രാജ്യത്തിനായി ഏറെ സംഭാവനകൾ നൽകിയ വ്യക്തിയാണെന്ന് അനുശോചനസന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. പഞ്ചാബിന്റെ പുരോഗതിക്കായി ഏറെ പരിശ്രമിച്ച അദ്ദേഹത്തെ വിയോഗം വ്യക്തിപരമായും തനിക്ക് ഏറെ നഷ്ടമാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പഞ്ചാബിലെ മുക്തസൗർ ജില്ലയിലെ മാലൗട്ടിനു സമീപം അബുൽ ഖുരാന എന്ന ചെറിയ ഗ്രാമത്തിലെ ജാട്ട് സിഖ് കുടുംബത്തിൽ രഘുരാജ് സിങ്ങിന്റെയും സുന്ദ്രി കൗറിന്റെയും മകനായി 1927 ഡിസംബർ എട്ടിനാണ് ജനനം. അഞ്ചു തവണ പഞ്ചാബ് മുഖ്യമന്ത്രിയായി. 1970 ൽ നാൽപത്തിമൂന്നാം വയസ്സിൽ മുഖ്യമന്ത്രിപദമേറുമ്പോൾ പഞ്ചാബിൽ മുഖ്യമന്ത്രിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി. തൊണ്ണൂറാം വയസ്സിൽ പഞ്ചാബിൽ മുഖ്യമന്ത്രിയായ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന പ്രത്യേകതയും പിന്നീട് ബാദലിനെ തേടിയെത്തി. 1995 മുതൽ 2008 വരെ അകാലിദൾ പാർട്ടി പ്രസിഡന്റായിരുന്നു. 2014 ൽ രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു.
20-ാം വയസിലാണ് അദ്ദേഹം ഗ്രാമ സർപഞ്ച് ആയി തിരഞ്ഞെടുക്കപ്പെടുന്നത്. 1957-ൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹം ആദ്യമായി എം.എൽ.എ. ആയി. 43-ാം വയസിൽ പഞ്ചാബ് മുഖ്യമന്ത്രിയായി, 1957-ലായിരുന്നു ഇത്. 13 തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച അദ്ദേഹം 11 തവണ ജയിച്ചിട്ടുണ്ട്. 1969 മുതൽ 2017 വരെ അദ്ദേഹം തുടർച്ചയായി വിജയിച്ചു. 1970 – 1971, 1977 – 1980, 1997 – 2002, 2007 – 2017 കാലയളവുകളിലാണ് അദ്ദേഹം പഞ്ചാബ് മുഖ്യമന്ത്രിയായത്. 1972 ലും 1980 ലും 2002 ലും വിധാൻ സഭയിലെ പ്രതിപക്ഷ നേതാവായി. 11 തവണ വിധാൻ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1977 ൽ അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയിൽ കൃഷി, ജലസേചന മന്ത്രിയായും സേവനമനുഷ്ഠിച്ചു.