മുംബൈയിൽ ഡബിൾ ഡെക്കർ ഇലക്ട്രിക്-ബസ് നിരത്തിലിറക്കുന്നതിനുള്ള നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലാണെന്ന് ബെസ്റ്റ് ജനറൽ മാനേജർ ലോകേഷ് ചന്ദ്ര അറിയിച്ചു. 2023 ജനുവരി 14 മുതൽ ബസുകൾ സർവീസ് ആരംഭിക്കും. ജനുവരി മുതൽ പത്തോളം ഡബിൾ ഡെക്കർ ഈ-ബസുകളാണ് സർവീസ് നടത്തുക. ബ്രിഹൻ മുംബൈ ഇലക്ട്രിസിറ്റി സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ട് (BEST) ആണ് പ്രീമിയം ഇ-ബസ് അവതരിപ്പിക്കുന്നത്.
മുംബൈയിൽ ടാക്‌സി സർവീസ് നടത്തുന്നതിനായി 500 ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കാനും ഗതാഗത മന്ത്രാലയം പദ്ധതിയിടുന്നുണ്ട്. 2023 ജൂൺ മാസത്തോടെ നടപ്പിലാകുമെന്നാണ് കരുതുന്നത്. ആദ്യഘട്ടം അവസാനിക്കുമ്പോഴേക്കും 50 ബസുകൾ പ്രവർത്തനക്ഷമമാക്കും. മൊബൈൽ ആപ്പ് മുഖേന യാത്രക്കാർക്ക് സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. പ്രായോഗികമായാൽ ‘ചാലോ’ ആപ്പ് മുഖേന കാബുകൾ ബുക്ക് ചെയ്യാൻ ഉപഭോക്താക്കൾക്ക് സാധിക്കും. നിലവിൽ ബസ് ടിക്കറ്റുകൾ എടുക്കുന്നതും ബസുകളുടെ ലൈവ് ട്രാക്കിംഗ് ഫോളോ ചെയ്യുന്നതും ചാലോ ആപ്പ് വഴിയാണ്.