ഫെബ്രുവരി 13ന് 200 കർഷക യൂണിയനുകൾ സംഘടിപ്പിക്കുന്ന ‘ഡൽഹി ചലോ’ മാർച്ചിന് മുന്നോടിയായി, സംസ്ഥാനത്തിൻ്റെ പ്രധാന റോഡുകളിൽ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു. കൂടാതെ ഡൽഹിയിൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതിഷേധത്തിന് മുന്നോടിയായി ക്രമസമാധാനം ഉറപ്പാക്കാൻ പഞ്ച്കുളയിൽ 144 ഏർപ്പെടുത്തിയിട്ടുണ്ട്. കർഷക മാർച്ചുമായി ബന്ധപ്പെട്ട് ഡൽഹി പോലീസും അതീവ ജാഗ്രതയിലാണ്, ഡൽഹിയുടെ എല്ലാ അതിർത്തികളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 13 വരെ മൊബൈൽ ഇന്റർനെറ്റ് ബൾക്ക് എസ്എംഎസ്, എല്ലാ ഡോംഗിൾ സേവനങ്ങളും താൽക്കാലികമായി നിർത്തിവച്ചതായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ സർക്കാർ പ്രഖ്യാപിച്ചിരുന്നു.
സംയുക്ത കിസാൻ മോർച്ചയും കിസാൻ മസ്ദൂർ മോർച്ചയും ഉൾപ്പെടെ 200-ലധികം കർഷക യൂണിയനുകൾ ചേർന്നാണ് 13ന് മാർച്ച് സംഘടിപ്പിക്കുന്നത്. വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമം കൊണ്ടുവരുന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ നേടിയെടുക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുകയാണ് ജാഥയുടെ ലക്ഷ്യം. ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ ഡൽഹി അതിർത്തിയിലെത്തുന്നത് തടയാൻ ഡൽഹി പൊലീസ് ഒരുക്കങ്ങൾ തുടങ്ങി, ഇതിനായി അതിർത്തികളിൽ വലിയ ക്രെയിനുകളും കണ്ടെയ്‌നറുകളും സ്ഥാപിച്ചിട്ടുണ്ട്.
ഹരിയാന ഭരണകൂടം പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, ബൾക്ക് എസ്എംഎസുകളും മൊബൈൽ നെറ്റ്വർക്കുകളിൽ വോയ്സ് കോളുകൾ ഒഴികെയുള്ള എല്ലാ ഡോംഗിൾ സേവനങ്ങളും താൽക്കാലികമായി നിർത്തിവച്ചിരിക്കും. ഫെബ്രുവരി 11 ന് രാവിലെ 6 മുതൽ ഫെബ്രുവരി 13 ന് രാത്രി 11:59 വരെ ഉത്തരവ് പ്രാബല്യത്തിൽ ഉണ്ടായിരിക്കുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. അതേസമയം, കർഷകരുടെ ‘ഡൽഹി ചലോ’ മാർച്ചിന് മുന്നോടിയായി പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള അംബാല, ജിന്ദ്, ഫത്തേഹാബാദ് ജില്ലകളിലെ അതിർത്തികൾ സുരക്ഷിതമാക്കാൻ വിപുലമായ ക്രമീകരണങ്ങൾ നടന്നുവരികയാണ്. ഡൽഹിയിലേക്കുള്ള കർഷക മാർച്ചിന്റെ ഭാഗമായി അംബാലയിൽ ഹരിയാന പോലീസും പ്രാദേശിക ഭരണകൂടവും ചേർന്ന് ബാരിക്കേഡുകൾ സ്ഥാപിച്ച് വരികയാണ്.