കേരളത്തിലെ ജനങ്ങൾ വിദ്യാസമ്പന്നരും ബുദ്ധിമാന്മാരും ആണെന്നും ഗുജറാത്തിലെയോ മറ്റ് സ്ഥലങ്ങളിലെയോ ആളുകളെപ്പോലെ അവരെ തെറ്റിദ്ധരിപ്പിക്കാൻ ബിജെപിക്ക് കഴിയില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.ഞായറാഴ്ച ഇടുക്കിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയായിരുന്നു ഖാർഗെയുടെ പരാമർശം.കേരളത്തിലെ ജനങ്ങളെ ആർക്കും വഴിതെറ്റിക്കാനാവില്ലെന്നും അവർ വളരെയധികം വിവേകമുള്ളവരാണെന്നും ഖാർഗെ പറഞ്ഞു. പ്രധാനമന്ത്രി മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും ഗുജറാത്തിലെയോ മറ്റ് സ്ഥലങ്ങളിലെയോ നിരക്ഷരരായ ആളുകളെ വിഡ്ഢികളാക്കാൻ കഴിഞ്ഞേക്കും, എന്നാൽ കേരളത്തിലെ ജനങ്ങളെ പറ്റിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖാർഗെയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി ഉടൻ തന്നെ രംഗത്തെത്തി.ഖാർഗെയുടെ വാക്കുകൾ ആറ് കോടി ഗുജറാത്തികളെയും മഹാത്മാഗാന്ധി, സർദാർ വല്ലഭായ് പട്ടേൽ, നരേന്ദ്ര മോദി എന്നിവരുടെ പാരമ്പര്യത്തെയും അപമാനിക്കുന്നതാണെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹർഷ സംഘവി എക്സിലൂടെ പ്രതികരിച്ചു.
ഗുജറാത്തിലെ ജനങ്ങൾ അധികാരത്തിൽ നിന്ന് പുറത്താക്കിയതിന്റെ അമർഷമാണോ കോൺഗ്രസ് പ്രകടിപ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഗാന്ധിയുടെയും പട്ടേലിന്റെയും നാടിനെ അപമാനിക്കുന്നവരെ ഗുജറാത്തിലെ ബോധമുള്ള ജനത എക്കാലവും തള്ളിക്കളഞ്ഞിട്ടുണ്ടെന്നും ഈ അപരാധത്തിന് ഗുജറാത്ത് മാപ്പുനൽകില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ വക്താവ് സുധാൻഷു ത്രിവേദിയും ഖാർഗെയെ രൂക്ഷമായി വിമർശിച്ചു. ഗുജറാത്ത്, ഉത്തർപ്രദേശ് തുടങ്ങി ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മഹാത്മാഗാന്ധി, സർദാർ പട്ടേൽ, ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയ നേതാക്കളുടെ ബുദ്ധിയെക്കുറിച്ച് ഖാർഗെയ്ക്ക് എന്താണ് പറയാനുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഏപ്രിൽ 9-ന് നടക്കുന്ന കേരള തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രമാണ് കോൺഗ്രസ് പയറ്റുന്നതെന്നും ഇതിന് കേരളത്തിലെ ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ മറുപടി നൽകുമെന്നും ത്രിവേദി പരിഹസിച്ചു.

