മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാൽ ഈസ്റ്റിലും കാങ് പൊക്പിയിലുമാണ് സംഘര്‍ഷമുണ്ടായത്.
ഇംഫാൽ ഈസ്റ്റിലും കാങ് പൊക്പിയിലുമാണ് നിലവിൽ സംഘർഷം വ്യാപകമായി നടക്കുന്നത്. മൂന്നുപേര്‍ക്ക് പരുക്കേറ്റു. വീടുകള്‍ക്ക് തീകൊളുത്തിയശേഷം അക്രമികള്‍ സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. രക്ഷപ്പെടുന്നതിനു മുന്‍പ് അവര്‍ നിരവധി തവണ വെടിയുതിര്‍ത്തതായും പൊലീസ് പറഞ്ഞു. കാങ്പൊക്പിയില്‍ മെയ്തെയ് സായുധസംഘം വെടിവയ്ക്കുകയായിരുന്നു. പ്രദേശത്ത് സേനാവിന്യാസം ശക്തമാക്കി.
അതിനിടെ മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിൽ നിന്ന് അത്യാധുനിക ആയുധങ്ങൾ സുരക്ഷാ സേന കണ്ടെടുത്തു. 9 എംഎം കാർബൈൻ തോക്ക്, ഒരു ടിയർ ഗൺ, മോർട്ടാർ, വെടിമരുന്ന്, മറ്റ് യുദ്ധസമാനമായ സാധനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ആയുധങ്ങളാണ് കണ്ടെത്തിയത്. അസം റൈഫിൾസും അതിർത്തി സുരക്ഷാ സേനയും ചുരാചന്ദ്പൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ശേഖരം സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു അന്വേഷണം. പിടിച്ചെടുത്തവ കൂടുതൽ അന്വേഷണത്തിനായി ചുരാചന്ദ്പൂർ പോലീസിന് കൈമാറി. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മൊബൈൽ ഡാറ്റ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചത് ഒക്ടോബർ 16 വരെ നീട്ടിയതായി മണിപ്പൂർ സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മെയ് മൂന്നിന് അക്രമം ആരംഭിച്ചതിനെ തുടർന്നാണ് ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചത്. സെപ്റ്റംബർ 23 ന് ഇത് പുനഃസ്ഥാപിച്ചു. എന്നാൽ ഇന്റർനെറ്റ് നിയന്ത്രണം മേഖലയിൽ ഏർപ്പെടുത്തി.
മെയ്തേയ് സമുദായത്തിന്റെ പട്ടിക വർഗ പദവിക്ക് വേണ്ടിയുള്ള ആവശ്യത്തിൽ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ സംഘടിപ്പിച്ച ‘ആദിവാസി ഐക്യദാർഢ്യ മാർച്ചി’ലാണ് ആദ്യ സംഘർഷം റിപ്പോർട്ട് ചെയ്തത്. മേയ് മൂന്നിനാണ് മണിപ്പൂരില്‍ കുക്കി- മെയ്തി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്. ഇതിനുപിന്നാലെ സംസ്ഥാനൊട്ടാകെ നടന്ന കാലങ്ങളിൽ 180-ല്‍ അധികം പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിനുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് കണക്ക്.