ഡൽഹിയിലെ തുർക്ക്മാൻ ഗേറ്റിലുള്ള ഫൈസ് ഇലാഹി പള്ളിക്ക് സമീപം നടന്ന കയ്യേറ്റം ഒഴിപ്പിക്കൽ നടപടി സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിഞ്ഞതിനെത്തുടർന്ന് കണ്ണീർവാതകം പ്രയോഗിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ പ്രദേശത്ത് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്
ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) നടത്തിയ പൊളിക്കൽ നടപടിക്കിടെയാണ് സംഘർഷമുണ്ടായത്. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ 30-ഓളം ബുൾഡോസറുകളുമായാണ് അധികൃതർ സ്ഥലത്തെത്തിയത്. വൻ പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നുവെങ്കിലും പ്രദേശവാസികൾ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറിൽ ഒരു എസ്.എച്ച്.ഒ ഉൾപ്പെടെ അഞ്ച് പോലീസുകാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസിന് കണ്ണീർവാതകം പ്രയോഗിക്കേണ്ടി വന്നു. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും സംഘർഷത്തിൽ പങ്കുള്ള മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
മസ്ജിദിന്റെ സ്ഥലമായ 19 സെന്റിന് ഒരേക്കറോളം വരുന്ന പള്ളിയുടെ ഭൂമിയ്ക്ക് പുറത്തുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനായിരുന്നു എംസിഡി നീക്കം. ഈ സ്ഥലത്ത് പ്രവർത്തിച്ചിരുന്ന ഒരു വിവാഹ മണ്ഡപവും ഡിസ്‌പെൻസറിയും അധികൃതർ പൊളിച്ചുനീക്കി. എന്നാൽ വഖഫ് സ്വത്തായ പള്ളിക്ക് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഡൽഹി ഹൈക്കോടതി പൊളിക്കൽ നടപടിക്ക് സ്റ്റേ അനുവദിക്കാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് എംസിഡി നടപടിയുമായി മുന്നോട്ട് പോയത്. പള്ളിക്ക് 100 വർഷത്തിലേറെ പഴക്കമുണ്ടെന്നും തങ്ങൾ കയ്യേറ്റങ്ങൾ നീക്കുന്നതിന് എതിരല്ലെന്നും എന്നാൽ പള്ളിയോട് ചേർന്നുള്ള ശ്മശാനത്തെ സംരക്ഷിക്കണമെന്നും പള്ളി മാനേജിംഗ് കമ്മിറ്റി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൊതുഭൂമി ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നും 0.195 ഏക്കറിന് പുറത്തുള്ള നിർമ്മാണങ്ങൾ കയ്യേറ്റമാണെന്നും എംസിഡി കോടതിയെ അറിയിച്ചു.

