ആഫ്രിക്കൻ വൻകരയുടെ കിഴക്കേ മുനമ്പിലുള്ള രാജ്യമായ ജിബൂത്തിയിൽ ആണ് ചൈനയുടെ സൈനിക താവളം വരുന്നത്. എന്നാൽ ചൈനയുടെ ആദ്യത്തെ വിദേശ സൈനിക താവളം ഇന്ത്യയ്ക്കു ഭീഷണി ആയേക്കുമെന്നാണ് റിപ്പോർട്ട്. ഇതിന്റെ വിശദാംശങ്ങൾ യുഎസ് പ്രതിരോധ വിഭാഗം ചൈനയെക്കുറിച്ചു തയാറാക്കിയ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ജിബൂത്തിയിൽനിന്ന് ചെങ്കടലിന്റെ മറുകരയിലുള്ള യെമനിലേക്ക് 20 കി.മീ. ദൂരം മാത്രമേയുള്ളൂ. ഇവിടെ വരുന്ന സൈനിക താവളം ഇന്ത്യയ്ക്കു സുരക്ഷാ ഭീഷണി ഉണ്ടാക്കിയേക്കും. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ചൈന വിമാനവാഹിനിക്കപ്പലുകൾ വിന്യസിക്കാൻ സാധ്യതയുണ്ടെന്ന് നേരത്തേയും യുഎസ് വ്യക്തമാക്കിയിരുന്നു. നിലവിൽ ചൈനയ്ക്ക് മൂന്നു വിമാനവാഹിനിക്കപ്പലുണ്ട്. ഇന്ത്യൻ നാവികസേനയ്ക്ക് രണ്ട് വിമാനവാഹിനിക്കപ്പലാണുള്ളത്.