ഇസ്റോയുടെ ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്‍റെ കൗണ്ട്ഡൗൺ തുടങ്ങി. നാളെ ഉച്ചക്ക് 2.35ന് ശ്രീഹരിക്കോട്ടയിൽ നിന്ന് ചന്ദ്രയാൻ മൂന്ന് കുതിച്ചുയരും. വിക്ഷേപണവുമായി മുന്നോട്ട് പോകാൻ ലോഞ്ച് ഓതറൈസേഷൻ ബോർഡ് അനുമതി നൽകി. ഇസ്രൊയുടെ ഏറ്റവും കരുത്തനായ റോക്കറ്റ് എൽവിഎം 3 ആണ് ചന്ദ്രയാൻ മൂന്നിനെ ബഹിരാകാശത്ത് എത്തിക്കാൻ പോകുന്നത്. വിക്ഷേപണം കഴിഞ്ഞ് നാൽപ്പത് ദിവസത്തിന് ശേഷമാണ് ചന്ദ്രയാൻ മൂന്ന് ലാൻഡർ ചന്ദ്രനിൽ ഇറങ്ങുക.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് എൽവിഎം ത്രീ റോക്കറ്റിലേറി ചന്ദ്രയാൻ മൂന്ന് യാത്ര തുടങ്ങും. വിക്ഷേപണം കഴിഞ്ഞ് പതിനാറാം മിനുട്ടിൽ പേടകം റോക്കറ്റിൽ നിന്ന് വേർപ്പെടും. ഭൂമിയിൽ നിന്ന് 170 കിലോമീറ്റർ എറ്റവും കുറഞ്ഞ ദൂരവും 36500 കിലോമീറ്റർ കൂടിയ ദൂരവുമായിട്ടുള്ള പാർക്കിംഗ് ഓർബിറ്റിലാണ് ആദ്യം പേടകത്തെ സ്ഥാപിക്കുക. അവിടുന്ന് അഞ്ച് ഘട്ടമായി ഭ്രമണപഥ മാറ്റത്തിലൂടെ ഭൂമിയുമായുള്ള അകലം കൂട്ടി കൂട്ടി കൊണ്ടുവരും. ഇതിന് ശേഷമാണ് ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള പേടകത്തിന്റെ യാത്ര. ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ അഞ്ച് ഘട്ടമായി ചന്ദ്രനും പേടകവും തമ്മിലുള്ള അകലം കുറച്ച് കൊണ്ടു വരും.ഒടുവിൽ ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിയ ശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ചാന്ദ്രയാൻ മൂന്ന് ലാൻഡർ വേർപ്പെടുക.അതിന് ശേഷം ലാൻഡർ ചന്ദ്രനിൽ നിന്ന് മുപ്പത് കിലോമീറ്റർ കുറഞ്ഞ ദൂരവും നൂറ് കിലോമീറ്റർ കൂടിയ ദൂരവുമായിട്ടുള്ള ഒരു ഭ്രമണപഥത്തിലേക്ക പ്രവേശിക്കും. ഇവിടെ നിന്നാണ് നിർണായകമായ ലാൻഡിംഗ് പ്രക്രിയ തുടങ്ങുന്നത്. ഭ്രമണപഥം വിട്ട് കഴിഞ്ഞാൽ 20 മിനുട്ട് കൊണ്ട് ലാൻഡ് ചെയ്യാനാണ് ഇസ്രൊ പദ്ധതിയിട്ടിരിക്കുന്നത്. ആഗസ്റ്റ് 23നോ 24നോ ആയിരിക്കും ആ ചരിത്ര നിമിഷം. പിന്നെ 14 ദിവസം നീളുന്ന പര്യവേഷണം. ഇത്രയും കഴിഞ്ഞാൽ മാത്രമേ ചന്ദ്രയാൻ മൂന്ന് ദൗത്യം വിജയകരമായി പൂർത്തിയായെന്ന് പ്രഖ്യാപിക്കാനാവൂ.
ഇന്ധനമടക്കം 2,148 കിലോഗ്രാം ഭാരമുണ്ട് പ്രൊപ്പൽഷൻ മൊഡ്യൂളിന്. കഴിഞ്ഞ തവണത്തേതിൽ നിന്നുള്ള പ്രധാന മാറ്റങ്ങളിൽ ഒന്ന് ഓർബിറ്റർ അഥവാ പ്രൊപ്പൽഷൻ മൊഡ്യൂളിൽ കാര്യമായ ശാസ്ത്ര ഗവേഷണ ഉപകരണങ്ങളില്ല എന്നുള്ളതാണ്. SHAPE അഥവാ Spectro-polarimetry of HAbitable Planet Earth (SHAPE) എന്ന ഒരേയൊരു പേ ലോഡാണ് ഓർബിറ്ററിൽ ഉള്ളത്. (ചാന്ദ്ര ഭ്രമണപഥത്തിൽ നിന്ന് ഭൂമിയെ നിരീക്ഷിക്കാനുള്ളതാണ് ഈ ഉപകരണം). നിലവില്‍ ചന്ദ്രനെ ഭ്രമണം ചെയ്യുന്നതിൽ വച്ച് എറ്റവും ശേഷിയുള്ള ഉപഗ്രഹങ്ങളിലൊന്നാണ് ചന്ദ്രയാൻ രണ്ടിന്‍റെ ഓർബിറ്റർ. അത് കൊണ്ടാണ് ഇക്കുറി പ്രൊപ്പൽഷൻ മൊഡ്യൂളിൽ കാര്യമായ ഉപകരണങ്ങൾ ഇല്ലാത്തതെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നു.
ചന്ദ്രയാന്‍ ദൗത്യത്തിലെ താരം ലാൻഡറാണ്. ചാന്ദ്ര ഉപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ പോകുന്ന ലാൻഡറിന്‍റെ ഭാരം 1,726 കിലോഗ്രാമാണ്. നാല് പേ ലോഡുകളാണ് ലാൻഡറിലുള്ളത്.
- റേഡിയോ അനാട്ടമി ഓഫ് മൂൺ ബൗണ്ട് ഹൈപ്പർസെൻസിറ്റീവ്
ഐയണോസ്ഫിയർ ആൻഡ് അറ്റ്മോസ്ഫിയർ അഥവാ രംഭ. ചന്ദ്രോപരിതലത്തിലെ പ്ലാസ്മ സാന്നിധ്യം പഠിക്കാനുള്ള ഉപകരണമാണ് ഇത്. - ചന്ദ്ര സർഴേസ് തെർമോ ഫിസിക്കൽ എക്സ്പെരിമന്‍റ് അഥവാ ചേസ്റ്റ്. ചന്ദ്രന്‍റെ ധ്രുവ പ്രദേശങ്ങളിലെ താപ വ്യതിയാനം പഠിക്കുകയാണ് ഈ ഉപകരണത്തിന്‍റെ ലക്ഷ്യം.
- ഇൻസ്ട്രുമെന്‍റ് ഫോർ ലൂണാർ സീസ്മിക് ആക്റ്റിവിറ്റ് അഥവാ ഇൽസ. ചന്ദ്രോപരിതലത്തിലെ കുലുക്കങ്ങൾ പഠിക്കാനായി ഈ ഉപകരണത്തിന്‍റെ സാഹായം തേടുന്നു.
- ലേസർ റിട്രോഫ്ലക്റ്റർ അറേ. നാസയിൽ നിന്നുള്ള പേ ലോഡ് ഉപകരണമാണിത്.