ജാര്‍ഖണ്ഡ് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി ചമ്പൈ സോറന്‍. വിശ്വാസവോട്ടെടുപ്പില്‍ 47 സഖ്യകക്ഷി എംഎല്‍എമാര്‍ പിന്തുണച്ചു. അതേസമയം പ്രതിപക്ഷത്തിന് 29 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഗവര്‍ണര്‍ സിപി രാധാകൃഷ്ണനാണ് ചമ്പൈ സോറന്റെ വിജയം പ്രഖ്യാപിച്ചത്. നിയമസഭയില്‍ ആര്‍പ്പുവിളികളോടെയാണ് പ്രഖ്യാപനത്തെ വരവേറ്റത്. വിശ്വാസവോട്ടെടുപ്പിന് പിന്നാലെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. ചൊവ്വാഴ്ച സഭാ സമ്മേളനം വീണ്ടും പുനരാരംഭിക്കും.
81 അംഗ ജാര്‍ഖണ്ഡ് നിയമസഭയിലെ ഭൂരിപക്ഷം 41 ആണ്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്ക്ക് (ജെഎംഎം) 47 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും അത് 50 ആയി ഉയരുമെന്നുമാണ് ഇന്നത്തെ വിശ്വാസ വോട്ടെടുപ്പിന് മുമ്പ് ചമ്പൈ സോറന്‍ പറഞ്ഞത്. എന്നാല്‍ 47 പേരുടെ വോട്ട് മാത്രമാണ് അദ്ദേഹത്തിന് ഉറപ്പിക്കാനായത്. നിയമസഭയുടെ ഇന്നത്തെ പ്രത്യേക സമ്മേളനത്തില്‍ മുഖ്യമന്ത്രി തന്നെയാണ് വിശ്വാസ പ്രമേയം അവതരിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹം ബിജെപിയെ കടന്നാക്രമിച്ചു. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ പാര്‍ട്ടി ശ്രമിച്ചു. ചെയ്യാത്ത കുറ്റത്തിനാണ് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തതെന്നും ക്ലീന്‍ ചിറ്റും നല്‍കിക്കൊണ്ട് അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി ഹേമന്ത് സോറനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്നും ജാര്‍ഖണ്ഡിലെ തന്റെ സര്‍ക്കാര്‍ സോറന്റെ ഭരണത്തിന്റെ രണ്ടാം ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ചമ്പൈ സോറൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ജാര്‍ഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവാണ് അദ്ദേഹം. ഭൂമി കുംഭകോണക്കേസിൽ മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സത്യപ്രതിജ്ഞ നടന്നത്. കോൺഗ്രസ് നേതാവ് അലംഗീർ അലൻ, രാഷ്ട്രീയ ജനതാദളിൻ്റെ (ആർജെഡി) സത്യാനന്ദ് ഭോഗ്ത എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. 10 ദിവസത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ചമ്പൈ സോറനോട് ഗവർണർ നിർദ്ദേശിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തിയത്.
ഭൂമി കുംഭകോണക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള ഹേമന്ത് സോറനും തിങ്കളാഴ്ചത്തെ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പിഎംഎല്‍എ കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്ന് ഹാജരായി. നിയമസഭയില്‍ സംസാരിച്ച ഹേമന്ത് സോറന്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കുകയും ഭൂമി കുംഭകോണത്തില്‍ തനിക്കുള്ള ബന്ധം തെളിയിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ വെല്ലുവിളിക്കുകയും ചെയ്തു. അത് തെളിയിക്കപ്പെട്ടാല്‍ രാഷ്ട്രീയം വിടുമെന്നും ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി പറഞ്ഞു.