പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 75 രൂപ നാണയം പുറത്തിറക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. സ്വാതന്ത്ര്യത്തിന്റെ 75–ാം വാര്‍ഷികമെന്ന നിലയിലും ഈ നാണയത്തെ കരുതാമെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. നാണയത്തില്‍ പാര്‍ലമെന്റ് കോംപ്ലക്സും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രവും ഉണ്ടായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. 44 മില്ലിമീറ്റർ ചുറ്റളവുള്ള വൃത്താകൃതിയിലുള്ള നാണയമാണിത്. 50 ശതമാനം വെള്ളിയും 40 ശതമാനം ചെമ്പും 5 ശതമാനം വീതം നിക്കലും സിങ്കും ചേര്‍ത്താണ് നാണയം നിര്‍മ്മിക്കുക. നാണയത്തിന്റെ മധ്യഭാഗത്ത് അശോക സ്തംഭം ആലേഖനം ചെയ്തിരിക്കും. അതിനുതാഴെ സത്യമേവ ജയതേ എന്നും രേഖപ്പെടുത്തിയിരിക്കും. ഇടതുവശത്ത് ദേവനാഗരി ലിപിയിൽ ഭാരതം എന്നും വലതും വശത്ത് ഇംഗ്ലീഷിൽ ഇന്ത്യ എന്നും എഴുതിയിരിക്കും.