ഗുജറാത്തിലൂടെ 2027 നവംബറോടെ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായി ട്രെയിന്‍ ഓടിത്തുടങ്ങും. മണിക്കൂറില്‍ 320കി.മീ വേഗതയിലാണ് ബുള്ളറ്റ് ട്രെയിന്‍ ഓടുക. 2026-ല്‍ സൂറത്ത് മുതല്‍ ബിലിമോറവരെയുള്ള 50 കിലോമീറ്ററില്‍ പരിശീലന ഓട്ടം നടക്കും. ഈ മേഖലയില്‍ പദ്ധതിയുടെ പണി ഏകദേശം പൂര്‍ത്തിയായി. തുടര്‍ന്ന് മഹാരാഷ്ട്രയിലെ നിര്‍മാണം പൂര്‍ത്തിയാക്കും. 2028 മദ്ധ്യത്തോടെ മുംബൈയില്‍നിന്ന് അഹമ്മദാബാദിലേക്ക് ബുള്ളറ്റ് ട്രെയിന്‍ ഓടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാത പൂര്‍ണമായും തുറക്കുന്നതോടെ എല്ലാ സ്റ്റോപ്പുകളിലും നിര്‍ത്തുന്ന വണ്ടികളും ചില സ്റ്റേഷനുകളില്‍മാത്രം നിര്‍ത്തുന്ന വണ്ടികളും സര്‍വീസ് നടത്തും.
12 സ്റ്റേഷനുകളാണ് ഈ പാതയിലുള്ളത്. ലിമിറ്റഡ് സ്റ്റോപ്പ് വണ്ടി മുംബൈയില്‍നിന്ന് രണ്ടുമണിക്കൂര്‍കൊണ്ട് അഹമ്മദാബാദിലെത്തും.
മുംബൈ-അഹമ്മദാബാദ് പാതയുടെ ദൈര്‍ഘ്യം 508 കിലോമീറ്ററാണ്. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത്തിലായിരിക്കും ബുള്ളറ്റ് ട്രെയിന്‍ ഓടുക. ഗുജറാത്തില്‍ ബുള്ളറ്റ് ട്രെയിന്‍ ഓടേണ്ട മേല്‍പ്പാതയില്‍ 284 കിലോമീറ്ററിന്റെ പണി പൂര്‍ത്തിയായി. അനുബന്ധമായി മഹാരാഷ്ട്രയിലും ജോലി ഇപ്പോള്‍ വേഗത്തിലായിട്ടുണ്ട്. മുംബൈയില്‍ 21 കിലോമീറ്റര്‍ നീളത്തില്‍ തുരങ്കം നിര്‍മിച്ചുവരുകയാണ്. നാലിടത്തായി ഒരേസമയം ഇതിന്റെ പണി പുരോഗമിക്കുന്നു. ഇതില്‍ ഏഴുകിലോമീറ്റര്‍ കടലിനടിയിലൂടെയാണ്. പദ്ധതിയില്‍ ഏറ്റവും പ്രയാസമേറിയ ഭാഗവും ഇതാണ്. 1.08 ലക്ഷംകോടിയാണ് പ്രതീക്ഷിത ചെലവ്. ഇതിന്റെ നല്ലൊരു പങ്കും ജപ്പാനില്‍നിന്നുള്ള സഹായമാണ്.
ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനുമുന്‍പ് പദ്ധതി തുടങ്ങണമെന്നാണ് ആഗ്രഹമെന്ന് നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ വക്താവ് പറഞ്ഞു. 2027 ഡിസംബര്‍ 19-നാണ് ഗുജറാത്ത് നിയമസഭാ കാലാവധി അവസാനിക്കുക.