ബെംഗളൂരു സൗത്ത് എംപിയും ബിജെപി നേതാവുമായ തേജസ്വി സൂര്യയും ഗായിക ശിവശ്രീ സ്കന്ദപ്രസാദും വിവാഹിതരായി. ഇന്ന് രാവിലെ 10.45ഓടെയാണ് തേജസ്വി സൂര്യ ശിവശ്രീക്ക് താലി ചാർത്തിയത്. രാവിലെ ബെംഗളൂരുവിലെ കനകപുര റോഡിലെ റിസോർട്ടിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇരുകുടുംബങ്ങളിലെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ഇരുവരും വിവാഹിതരായത്.
ബുധനാഴ്ച വൈകുന്നേരത്തോടെ വിവിധ ചടങ്ങുകൾ ആരംഭിച്ചിരുന്നു.കേന്ദ്രമന്ത്രി വി സോമണ്ണ നവദമ്പതികളെ ആശീർവദിക്കാനെത്തി. റിസപ്ഷൻ മാർച്ച് 9ന് ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ നടക്കും. ദേശീയ, സംസ്ഥാന തലത്തിലെ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ റിസപ്ഷനിൽ പങ്കെടുക്കും.
കർണാടിക് സംഗീത പിന്നണി ഗായികകൂടിയായ ശിവശ്രീ ചെന്നൈ സ്വദേശിയാണ്. പൊന്നിയിൻ സെൽവൻ 1-ലെ കാതോട് സൊൽ എന്ന പാട്ടിന്‍റെ കന്നഡ പതിപ്പ് പാടിയത് ശിവശ്രീയാണ്. ശാസ്ത്ര യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോ എഞ്ചിനീയറിങ് ബിരുദം നേടിയ ശിവശ്രീ ചെന്നൈ സർവകലാശാലയിൽ നിന്ന് ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദം നേടി. പിന്നീട് മദ്രാസ് സംസ്കൃത കോളേജിൽ നിന്ന് സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സംഗീത രംഗത്തേക്ക് തിരിഞ്ഞത്.
ശിവശ്രീ അറിയപ്പെടുന്ന കർണാടക സംഗീതജ്ഞയും ഭരതനാട്യം നർത്തകിയും പിന്നണിഗായികയുമാണെങ്കിലും സമൂഹമാധ്യമങ്ങളിൽ പ്രശസ്തയായത് ചലച്ചിത്രതാരം ശോഭനയുമായുള്ള മുഖസാദൃശ്യം കൊണ്ടാണ്. പ്രശസ്‍ത മൃദംഗവാദകൻ സീർക്കഴി ജെ. സ്കന്ദപ്രസാദിന്റെ മകളാണ് ശിവശ്രീ. 1996 ഓഗസ്റ്റ് ഒന്നിന് ചെന്നൈയിലാണ് ജനനം. കുട്ടിക്കാലത്തു തന്നെ സംഗീത്തിലും നൃത്തത്തിലും താൽപര്യം കാട്ടിയ ശിവശ്രീയെ അച്ഛനാണ് സംഗീതത്തിലേക്കു കൈപിടിച്ചത്. പിന്നീട് എ.എസ്.മുരളിയുടെ ശിഷ്യത്വത്തിൽ സംഗീതപഠനം തുടർന്നു. കലൈമാമണി കൃഷ്ണകുമാരി നരേന്ദ്രൻ, ആചാര്യചൂഡാമണി ഗുരു റോജാ കണ്ണൻ എന്നിവരുടെ കീഴിലായിരുന്നു ഭരതനാട്യ പഠനം. മദ്രാസ് സർവകലാശാലയിൽനിന് ഭരതനാട്യത്തിൽ എംഎ നേടിയിട്ടുണ്ട്.
ശാസ്ത്ര ഡീംഡ് യൂണിവേഴ്സിറ്റിയിൽനിന്ന് ബയോ എൻജിനീയറിങ് ബിരുദം നേടിയ ശിവശ്രീ ആയുർവേദിക് കോസ്‌മെറ്റോളജിയില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്. സംസ്കൃതവും പഠിച്ചിട്ടുണ്ട്. കർണാടക സംഗീതജ്ഞ എന്ന നിലയിലും പേരെടുത്ത ശിവശ്രീ ഇന്ത്യയിലും വിദേശത്തും കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. പൂജിസലന്ദേ ഹൂഗള തന്ദേ എന്നു തുടങ്ങുന്ന ശ്രീരാമസ്തുതിക്ക് 2014 ൽ ശിവശ്രീ ഒരുക്കിയ കവർ വേർഷൻ ശ്രദ്ധയിൽപെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചതോടെയാണ് ശിവശ്രീ മാധ്യമശ്രദ്ധയിൽ നിറഞ്ഞത്.
കലാകാരി എന്നതിനൊപ്പം സാമൂഹിക പ്രവർത്തനരംഗത്തും സജീവമാണ്. ചെറുപ്പക്കാരിലെ കലാവാസനയെ പ്രോൽസാഹിപ്പിക്കാനും സാംസ്കാരിക വൈവിധ്യത്തെപ്പറ്റി ബോധവൽക്കരിക്കാനുമായി സ്ഥാപിതമായ ആഹുതി എന്ന സംഘടനയുടെ സ്ഥാപകയും ഡയറക്ടറുമാണ് ശിവശ്രീ. 2018 ൽ ചിദംബരം നടരാജസ്വാമി ക്ഷേത്രത്തില്‍ 8000 നർത്തകരെ അണിനിരത്തി നടത്തിയ ഭരതനാട്യത്തിനു സംഗീതവും നൃത്താവിഷ്കാരവുമൊരുക്കുകയും അതു നയിക്കുകയും ചെയ്തതിന് ലഭിച്ച ഭരതകലാചൂഡാമണി പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്.