ഇന്ത്യൻ സന്ദർശനത്തേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച്ചയേയും വാനോളം പുകഴ്ത്തി മൈക്രോസോഫ്റ്റ് സഹ സ്ഥാപകൻ ബിൽഗേറ്റ്‌സ്. ‘വെള്ളിയാഴ്ചത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയാണ് എന്റെ യാത്രയുടെ ഹൈലൈറ്റ് എന്നും ലോകത്തിന് വളരെയധികം വെല്ലുവിളികൾ ഉള്ള സമയത്ത്, ഇന്ത്യയെപ്പോലെ ചലനാത്മകവും സർഗ്ഗാത്മകവുമായ ഒരു സ്ഥലം സന്ദർശിക്കുന്നത് പ്രചോദനമാണ്.’ എന്നുമാണ് ബിൽഗേറ്റ്‌സ് തന്റെ ബ്ലോഗിൽ കുറിച്ചത്. പ്രധാനമന്ത്രിയുമായി ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം, മറ്റ് നിർണായക മേഖലകൾ എന്നിവയിലെ ‘നൂതന പ്രവർത്തനങ്ങളെക്കുറിച്ച്’ ദീർഘമായി ചർച്ച ചെയ്തുവെന്ന് ബിൽഗേറ്റ്‌സ് പറഞ്ഞു.
വികസനം, ആരോഗ്യം, കാലാവസ്ഥ തുടങ്ങിയ മേഖലകളിൽ ഇന്ത്യ കൈവരിച്ച പുരോഗതിയെ അഭിനന്ദിച്ച ബിൽ ഗേറ്റ്സ്, നവീകരണത്തിൽ നിക്ഷേപം നടത്തുമ്പോൾ സാധ്യമായതെന്താണെന്ന് രാജ്യം കാണിക്കുകയാണെന്നും പറഞ്ഞു. പാൻഡെമിക് കാരണം കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ കൂടുതൽ യാത്ര ചെയ്തില്ലെങ്കിലും, മോദിയും ഞാനും സമ്പർക്കം പുലർത്തിയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
സുരക്ഷിതവും ഫലപ്രദവും താങ്ങാനാവുന്നതുമായ ധാരാളം വാക്‌സിനുകൾ നിർമ്മിക്കാനുള്ള അതിശയകരമായ കഴിവ് ഇന്ത്യക്കുണ്ട്, അവയിൽ ചിലത് ഗേറ്റ്‌സ് ഫൗണ്ടേഷന്റെ പിന്തുണയോടെയാണ്. ഇന്ത്യയിൽ നിർമ്മിച്ച വാക്‌സിനുകൾ പകർച്ചവ്യാധിയുടെ സമയത്ത് ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കുകയും ലോകമെമ്പാടുമുള്ള മറ്റ് രോഗങ്ങൾ തടയുകയും ചെയ്തു,’ ഗേറ്റ്‌സ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചാണ് പ്രധാനമന്ത്രിയുമായി അവസാനം സംസാരിച്ചത്. ‘വർഷങ്ങളായി കാലാവസ്ഥാ വിഷയത്തിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. ശുദ്ധമായ ഊർജ്ജ സാങ്കേതികവിദ്യകളുടെ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിന് 2015-ൽ ആരംഭിച്ച പരിപാടിയായ മിഷൻ ഇന്നൊവേഷനിൽ ഇന്ത്യ ഒരു പ്രധാന പങ്കാളിയാണെന്നും ബിൽഗേറ്റ്‌സ് തന്റെ ബ്ലോഗിൽ കുറിച്ചു.