അയോധ്യയിൽ പുതുതായി നിർമ്മിച്ച രാമക്ഷേത്രത്തിന്റെ മേൽക്കൂര പൊതുജനങ്ങൾക്കായി തുറന്നതിന് ശേഷമുള്ള കനത്ത മഴയ്ക്ക് ശേഷം ചോർന്നൊലിക്കുന്നതായി രാമക്ഷേത്രത്തിന്റെ മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.രാമക്ഷേത്ര പരിസരത്ത് നിന്ന് മഴവെള്ളം ഒഴുകിപ്പോകാൻ ഒരു സംവിധാനവും ചെയ്തിട്ടില്ലെന്ന് ആചാര്യ സത്യേന്ദ്ര ദാസ് അവകാശപ്പെട്ടു. ക്ഷേത്രനിർമ്മാണത്തിൽ അനാസ്ഥയുണ്ടെന്ന് ആരോപിച്ച ആചാര്യ സത്യേന്ദ്ര ദാസ്, ശനിയാഴ്ച അർദ്ധരാത്രിയിൽ പെയ്ത മഴയ്ക്ക് ശേഷം ക്ഷേത്രപരിസരത്ത് നിന്ന് മഴവെള്ളം ഒഴുകിപ്പോകാനുള്ള ക്രമീകരണവും ഇല്ലെന്നും ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കാൻ ക്ഷേത്ര അധികാരികളോട് ആവശ്യപ്പെട്ടു.
എന്നാൽ അയോധ്യയിലെ രാമക്ഷേത്രത്തിൽ ചോർച്ചയുണ്ടെന്ന വാർത്ത ക്ഷേത്ര നിർമ്മാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര തള്ളി. ക്ഷേത്രത്തിന്റെ രൂപകൽപ്പനയിലോ നിർമ്മാണത്തിലോ പിഴവുകളുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഒന്നാം നിലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മഴ വെള്ളം അകത്തേക്ക് വീഴാൻ സാധ്യതയുണ്ടെന്നും ജോലികൾ പൂർത്തിയാകുന്നതോടെ അതിന് പരിഹാരമാകുമെന്നും മിശ്ര പറഞ്ഞു.
ക്ഷേത്ര നിർമ്മാണത്തിന് ശേഷം ഉണ്ടായ ആദ്യ മഴയിൽ തന്നെ ക്ഷേത്രത്തിന്റെ ശ്രീകോവിലിലും മറ്റ് സ്ഥലങ്ങളിലും ചോർച്ച ഉണ്ടായെന്ന മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പ്രതികരണവുമായി മിശ്ര രംഗത്ത് എത്തിയത്.
ദേശീയ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സത്യേന്ദ്ര ദാസ് ക്ഷേത്ര നിർമ്മാണത്തിൽ പിഴവുകളുണ്ടെന്ന ആരോപണം ഉന്നയിച്ചത്. ക്ഷേത്രത്തിൽ നിന്ന് മഴവെള്ളം ഒഴുകിപ്പോകാൻ ഒരു മാർഗ്ഗവുമില്ലെന്നും മഴ ശക്തമായാൽ അത് ക്ഷേത്ര ദർശനത്തെ ബാധിക്കുമെന്നും സത്യേന്ദ്ര ദാസ് പറഞ്ഞിരുന്നു. കൂടാതെ ഇവിടെ ഇത്രയും എഞ്ചിനീയർമാർ ഉണ്ടായിരുന്നിട്ടും പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷവും ക്ഷേത്ര മേൽക്കൂരയിൽ നിന്ന് അകത്തേക്ക് മഴ വെള്ളം ഒഴുകുന്നത് ആശ്ചര്യകരമാണെന്നും സത്യേന്ദ്ര ദാസ് ആരോപിച്ചിരുന്നു.
മുഖ്യ പൂജാരിയുടെ പ്രസ്താവന ചർച്ചയായതോടെയാണ് പ്രതികരണവുമായി മിശ്ര എത്തിയത്. ക്ഷേത്ര ശിഖരത്തിന്റെ നിർമ്മാണം പൂർത്തിയാകാത്തതിനാലും രണ്ടാം നിലയിൽ സ്ഥിതി ചെയ്യുന്ന ഗുരു മണ്ഡപം ആകാശത്തേക്ക് തുറന്ന് നിൽക്കുന്നതിനാലുമാണ് മഴ വെള്ളം വീഴുന്നതെന്നും അത് മുൻകൂട്ടി അറിയാമായിരുന്നുവെന്നും മിശ്ര പറഞ്ഞു. കൂടാതെ ശ്രീകോവിലിൽ വെള്ളം ഒഴുകി പോകാൻ പ്രത്യേകം സംവിധാനങ്ങളുടെ ആവശ്യമില്ലെന്നും ഓരോ മണ്ഡപങ്ങളും വെള്ളം ഒഴുകാൻ ആവശ്യമായ ചെരിവിലാണ് നിർമ്മിച്ചിരിക്കുന്നതെന്നും മിശ്ര പ്രതികരിച്ചു.