ദില്ലി മദ്യനയക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ ആറാമത്തെ സമൻസും എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ഒഴിവാക്കി. വിഷയം ഇപ്പോൾ കോടതിയിലാണെന്ന് പറഞ്ഞുകൊണ്ടാണ് സമൻസ് ഒഴിവാക്കിയിരിക്കുന്നത്. കെജ്‌രിവാളിന് അയച്ച സമൻസുകൾ നിയമവിരുദ്ധമാണെന്നും വിഷയം ഇപ്പോൾ കോടതിയിലാണെന്നും എഎപി പ്രസ്താവനയിൽ പറഞ്ഞു. “ഇഡി തന്നെ കോടതിയെ സമീപിച്ചു. വീണ്ടും വീണ്ടും സമൻസ് അയക്കുന്നതിന് പകരം കോടതിയുടെ തീരുമാനത്തിനായി ഇഡി കാത്തിരിക്കണം,” പാർട്ടി പറഞ്ഞു.
ഫെബ്രുവരി 19ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഫെബ്രുവരി 14നാണ് അന്വേഷണ ഏജൻസി കെജ്‌രിവാളിന് ആറാമത്തെ സമൻസ് അയച്ചത്. നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവും എന്ന് ആരോപിച്ച് എഎപി മേധാവി ഇഡിയുടെ ഇതുവരെയുള്ള എല്ലാ സമൻസുകളും ഒഴിവാക്കിയിരുന്നു. ഫെബ്രുവരി 2, ജനുവരി 18, ജനുവരി 3, 2023 ഡിസംബർ 22, 2023 നവംബർ 2 തീയതികളിലാണ് മുമ്പ് അന്വേഷണ ഏജൻസി കെജ്‌രിവാളിന് സമൻസ് അയച്ചത്.
ഡൽഹി മദ്യകുംഭകോണ കേസിൽ കോടതിയിൽ നേരിട്ടു ഹാജരാകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 17ന് റൂസ് അവന്യൂ കോടതിയിൽ വീഡിയോ കോൺഫറൻസിംഗിലൂടെ ഹാജരായ സമയത്താണ് കെജ്‌രിവാൾ ഇക്കാര്യം അറിയിച്ചത്. ഡൽഹി മദ്യ കുംഭകോണ കേസിൽ ആവർത്തിച്ച് സമൻസ് ലഭിച്ചിട്ടും കെജ്‌രിവാൾ ഹാജരായിരുന്നില്ല. കെജ്‌രിവാളിന് നേരിട്ട് ഹാജരാകാൻ നിർദ്ദേശം നൽകണമെന്ന് ഇഡി കോടതിയിൽ ആവശ്യപ്പെട്ടതിണനെ തുടർന്നാണ് കോടതി ഇക്കാര്യത്തിൽ നിർദ്ദേശം നൽകിയത്. മുഖ്യമന്ത്രി കോടതിയിൽ ഹാജരാകുമെന്നും ജാമ്യാപേക്ഷ നൽകുമെന്നും അദ്ദേഹത്തിൻ്റെ അഭിഭാഷകൻ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.