ദക്ഷിണാഫ്രിക്കയില്‍ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ എത്തിച്ച ഒരു ചീറ്റ കൂടി ചത്തു. നമീബിയയില്‍ നിന്നെത്തിച്ച സൂരജ് എന്ന ചീറ്റയാണ് ചത്തത്. എന്നാല്‍ മരണകാരണം വ്യക്തമല്ല. കഴിഞ്ഞ നാല് മാസത്തിനിടെ ഇവിടെ എട്ട് ചീറ്റകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുനോയിലെ തേജസ് എന്ന ആണ്‍ ചീറ്റ ചത്തത്. ഇതിന്റെ ശരീരത്തില്‍ പരിക്കേറ്റിരുന്നു. ഒരു പെൺചീറ്റയുമായി ഏറ്റുമുട്ടിയതിനെ തുടർന്നുണ്ടായ “ട്രോമാറ്റിക് ഷോക്ക്” ആണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
മാര്‍ച്ച് 27 നാണ് ആദ്യമായി ചീറ്റ ചത്തത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അന്ന് കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സാഷ എന്ന പെണ്‍ ചീറ്റയായിരുന്നു ചത്തത്. ഏതാണ്ട് ഇതേ സമയത്താണ് നമീബിയയില്‍ നിന്നെത്തിച്ച സിയായയ്ക്ക് നാല് കുഞ്ഞുങ്ങള്‍ പിറന്നത്. ഏപ്രിലില്‍, ആണ്‍ ചീറ്റപ്പുലികളില്‍ ഒന്നായ ഉദയ് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലം ചത്തു. മെയ് മാസത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച ദക്ഷ എന്ന പെണ്‍ ചീറ്റ രണ്ട് ആണ്‍ ചീറ്റകളുമായുള്ള ഏറ്റുമുട്ടലിനൊടുവില്‍ കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 17 ന് ആണ് നമീബിയയില്‍ നിന്ന് എട്ട് ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന് കുനോ ദേശീയോദ്യാനത്തില്‍ തുറന്നുവിട്ടത്. ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകളെ കൂടി കൊണ്ടുവന്നു. അതില്‍ ആറെണ്ണം വനത്തിലും ബാക്കിയുള്ളവ കുനോയിലുമാണ് ഉള്ളത്.