തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെ, എന്‍ഡിഎ സഖ്യത്തിൽ നിന്ന് പിന്മാറി. പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന ഉന്നത നേതാക്കളുടെ യോഗത്തിലാണ് മുന്നണി വിടാനുള്ള തീരുമാനം അണ്ണാ ഡിഎംകെ സ്വീകരിച്ചത്. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി പാര്‍ട്ടി നേരിടുമെന്നും കെ.പി മുനുസ്വാമി പറഞ്ഞു. ഇന്ന് മുതല്‍ അണ്ണാ ഡിഎംകെ ദേശിയ ജനാധിപത്യ സഖ്യത്തിന്‍റെ ഭാഗമല്ലെന്നും ഇനി ഒരിക്കലും ബിജെപിയുമായി ഒരു തരത്തിലുള്ള സഖ്യത്തിനും പാര്‍ട്ടി തയ്യാറാകില്ലെന്നും എഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കെ.പി മുനുസ്വാമി വ്യക്തമാക്കി.
തമിഴ്നാട്ടിലെ മുസ്ലീം വോട്ടുകളില്‍ പാര്‍ട്ടിക്ക് ഉണ്ടായിരുന്ന മേല്‍ക്കൈ ബിജെപിയുമായി സഖ്യമുണ്ടാക്കിയതിനാല്‍ അവര്‍ക്ക് നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായി. ഇനിയും സഖ്യം തുടര്‍ന്നാല്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് ഒരു വോട്ട് പോലും ലഭിക്കില്ലെന്നും അണ്ണാ ഡിഎംകെ വിലയിരുത്തുന്നു. എഐഎഡിഎംകെ പ്രധാനമായും ദ്രാവിഡ പാർട്ടിയായതിനാലും ബിജെപിയുമായുള്ള സഖ്യം കാരണം പാര്‍ട്ടി ജനങ്ങള്‍ക്കിടയില്‍ നിന്ന് പിന്നോക്കം പോയതായും വിലയിരുത്തുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയോടുള്ള എതിര്‍പ്പും മുന്നണി വിടാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി അണ്ണാദുരൈ 1956 ൽ ഒരു സമ്മേളനത്തിൽ ഹിന്ദുമതത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് അണ്ണാമലൈ നടത്തിയ പരാമർശം അടുത്തിടെ സംസ്ഥാനമൊട്ടാകെ കോളിളക്കമുണ്ടാക്കി.