വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ 11 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 50 സീറ്റുകളില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഈ ഫോര്‍മുല അംഗീകരിച്ചിട്ടില്ലെന്നാണ് വിവരം. തീരുമാനം കോണ്‍ഗ്രസിന്റേതല്ലെന്നും അഖിലേഷ് യാദവിന്റെയാണെന്നുമാണ് റിപ്പോര്‍ട്ട്. പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസും പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിയും 2024 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം നിരസിച്ചതിന് തൊട്ടുപിന്നാലെയാണ് അഖിലേഷ് യാദവ് യുപിയിലെ സീറ്റ് വിഹിതം പ്രഖ്യാപിച്ചത്.
അതേസമയം 11 സീറ്റുകളുമായുള്ള സഖ്യം കോണ്‍ഗ്രസ് നേതാക്കള്‍ നിരസിച്ചെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് സമാജ് വാദി പാര്‍ട്ടി വിശദീകരണം നല്‍കി. ഇത് ഒരു നിര്‍ദ്ദേശമാണെന്നും കൂടുതല്‍ സീറ്റുകള്‍ നേടാനാകുന്ന സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് അഖിലേഷ് യാദവിനെ അറിയിച്ചാല്‍ അത് വര്‍ദ്ധിപ്പിക്കാമെന്നും വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇന്ത്യാ മുന്നണിയ്ക്കുള്ളില്‍ തുടരുന്ന വിള്ളലുകള്‍ക്ക് കോണ്‍ഗ്രസിനെ അഖിലേഷ് യാദവ് കുറ്റപ്പെടുത്തിയിരുന്നു. സഖ്യകക്ഷികളുമായി ചര്‍ച്ച ചെയ്യാനും ഇടപഴകാനും പാര്‍ട്ടി കാണിക്കേണ്ട ആവേശം കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഏറ്റവുമധികം ലോക്‌സഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ 80 മണ്ഡലങ്ങളിലാണ് മത്സരം നടക്കുക. 2019ലെ തിരഞ്ഞെടുപ്പില്‍ 80ല്‍ 62 സീറ്റും ബിജെപിയും സഖ്യകക്ഷിയായ അപ്നാദളും (എസ്) നേടിയപ്പോള്‍ എസ്പി-ബിഎസ്പി സഖ്യം 15 സീറ്റും കോണ്‍ഗ്രസിന് ഒരു സീറ്റും മാത്രമേ നേടാനായുള്ളൂ.
255 സീറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം സംസ്ഥാന ഘടകങ്ങളെ അറിയിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 2019 ലെ പൊതു തിരഞ്ഞെടുപ്പില്‍ 52 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ് നേടിയതെങ്കിലും 421 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ പോലും ചില സംസ്ഥാനങ്ങളിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് വിട്ടുവീഴ്ച നടത്തിയിരുന്നു. ബിഹാറില്‍ ആര്‍ജെഡി, മഹാരാഷ്ട്രയില്‍ എന്‍സിപി, കര്‍ണാടകയില്‍ ജെഡിഎസ്, ജാര്‍ഖണ്ഡില്‍ ജെഎംഎം, തമിഴ്നാട്ടില്‍ ഡിഎംകെ എന്നിവയുമായും കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയിരുന്നു. കഴിഞ്ഞ തവണ ബിഹാറില്‍ 9, ജാര്‍ഖണ്ഡില്‍ 7, കര്‍ണാടകയില്‍ 21, മഹാരാഷ്ട്രയില്‍ 25, തമിഴ്നാട്ടില്‍ 9 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിച്ചിരുന്നു.യുപിയില്‍ 70 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. എന്നാല്‍ ഒരു സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്.