ഉത്തരാഖണ്ഡിലെ ബദരീനാഥിൽ ഹിമപാതത്തെ തുടര്‍ന്ന് 57 തൊഴിലാളികളാണ് കുടുങ്ങിയത്. ഇതിൽ 16 പേരെ രക്ഷപ്പെടുത്തി. ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയിലെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍റെ ക്യാമ്പിന് സമീപമാണ് വൻ ഹിമപാതമുണ്ടായത്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഭരണകൂടത്തിന്റെയും ബിആർഒയുടെയും സംഘങ്ങൾ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഐടിബിപി, ഗർവാൾ സ്കൗട്ടുകൾ നാട്ടുകാർക്കൊപ്പം രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെടുന്നുണ്ട്.
ബദ്രിനാഥിന് അപ്പുറത്തുള്ള മാന എന്ന ഗ്രാമത്തിലാണ് ഹിമപാതമുണ്ടായത്. റോഡ് നിര്‍മാണത്തിന് എത്തിയ തൊഴിലാളികളാണ് കുടുങ്ങിയത്. ഹിമപാതത്തെ തുടര്‍ന്ന് റോഡ് ഗതാഗതം തടസപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ സഹായം തേടിയിട്ടുണ്ട്.
സ്വകാര്യ ഏജൻസിയിൽ ജോലി ചെയ്യുന്ന കരാറുകാരനാണ് കുടുങ്ങിയ തൊഴിലാളികളെ നിയമിച്ചതെന്ന് റിപ്പോർട്ടുണ്ട്. മന ഗ്രാമത്തിനും മന പാസിനും ഇടയിലുള്ള ബിആർഒ സൈറ്റിനടുത്താണ് ഹിമപാതം ഉണ്ടായതെന്ന് ജില്ലാ മജിസ്ട്രേറ്റ് സന്ദീപ് തിവാരി പറഞ്ഞു. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.