അമേരിക്കയിൽ നിന്ന് ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരുമായി മൂന്ന് സൈനിക വിമാനങ്ങൾ കൂടി ഈയാഴ്ച എത്തുമെന്ന് റിപ്പോർട്ട്. 157 ഇന്ത്യക്കാരുമായി ഫെബ്രുവരി 16 ഞായറാഴ്ച മറ്റൊരു വിമാനം അമൃത്സറിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ 59 പേർ ഹരിയാനയിൽ നിന്നുള്ളവരും 52 പേർ പഞ്ചാബിൽ നിന്നുള്ളവരും 31 പേർ ഗുജറാത്തിൽ നിന്നുള്ളവരും ബാക്കിയുള്ളവർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാനിന്നാണ് സൂചന.
കഴിഞ്ഞ ദിവസം 116 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി ഒരു യുഎസ് സൈനിക വിമാനം പഞ്ചാബിലെ അമൃത്സറിൽ വന്നിറങ്ങി. ശനിയാഴ്ച രാത്രി 11.35 ഓടെയാണ് വിമാനമെത്തിയത്. ഇതുവരെ രണ്ട് വിമാനങ്ങൾ എത്തി. പിന്നാലെയാണ് മൂന്ന് വിമാനങ്ങൾ കൂടി എത്തുമെന്നാണ് പറയുന്നത്. ഇന്ന് 157 പേർ കൂടിയെത്തുമെന്നാണ് അറിയുന്നത്. ഇവരെയും സൈനിക വിമാനത്തിലാണോ യാത്രാ വിമാനത്തിലാണോ എത്തിക്കുക എന്നതിനെക്കുറിച്ച് സ്ഥിരീകരണമില്ല. ആദ്യഘട്ടത്തിൽ 487 പേരെ ഇന്ത്യയിലെത്തിക്കുമെന്നാണ് അമേരിക്ക അറിയിച്ചിരുന്നത്. ഇവരെയെല്ലാം ഈ ആഴ്ച തന്നെ എത്തിച്ചേക്കും.
യുഎസിൽ താമസിക്കുന്ന 487 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ കൂടി അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ ഉടൻ നാടുകടത്തുമെന്നും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ഇന്ത്യക്കാരെ മടക്കി അയക്കുന്നത്. “487 ഇന്ത്യൻ പൗരന്മാരെ” നീക്കം ചെയ്യുന്നതിനുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചതായി അമേരിക്ക ന്യൂഡൽഹിയെ അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പത്രസമ്മേളനത്തിൽ പറഞ്ഞു
അമേരിക്കൻ സൈനിക വിമാനം പഞ്ചാബിൽ ലാൻഡ് ചെയ്യുന്നതിനെ മുഖ്യമന്ത്രി ഭഗവന്ത് മാൻ എതിർത്തിരുന്നു. എന്തുകൊണ്ട് ദില്ലിയിൽ വിമാനം ഇറങ്ങുന്നില്ലെന്നായിരുന്നു ചോദ്യം. രണ്ട് വിമാനങ്ങളും അമൃത്‍സറിലാണ് ഇറങ്ങിയത്. അംബാല, ഹിൻഡൻ തുടങ്ങിയ വ്യോമതാവളങ്ങളിൽ എന്തുകൊണ്ട് അമേരിക്കൻ സൈനിക വിമാനം ഇറക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. പാക് അതിർത്തിക്ക് സമീപമായതിനാൽ അന്താരാഷ്ട്ര വിമാന സർവീസ് ഇല്ലാത്ത അമൃത്സറിലാണ് വിമാനം ഇറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ ഇറക്കിയതുപോലെ കൈ,കാൽ വിലങ്ങ് അണിയിച്ചാണോ യാത്രക്കാരെ എത്തിച്ചതെന്നതിലും വിവരമില്ല.