കാര്യം കഴിഞ്ഞാൽ കറിവേപ്പില എന്ന പഴഞ്ചൊല്ല് തൽക്കാലം മറക്കാം, ശുദ്ധമായ കറിവേപ്പില ഒരു സിദ്ധ ഔഷധമാണ്. ആയുർവേദനാടന്‍ ചികിത്സാരീതികളിലെ ഒരു സിദ്ധ ഔഷധമാണ് കറിവേപ്പില. ആയുര്‍വേദ വിധിപ്രകാരം കടുരസപ്രദാനവും ഉഷ്ണവീര്യദായകവുമാണ് കറിവേപ്പ്. ഇലയും വേരിലെ തൊലിയുമാണ് പ്രധാനമായും ഔഷധയോഗ്യം. പ്രകൃതി ചികിത്സയില്‍ പറയുന്ന ഒമ്പത് ഔഷധപത്രങ്ങളില്‍ ഒന്നാണ് കറിവേപ്പില.
സാവധാനംവളരുന്ന ഒരു ചെറുവൃക്ഷമാണ് കറിവേപ്പ്. 5-6 മീറ്ററോളം ഉയരം വയ്ക്കും . തടിയ്ക്ക് തവിട്ടു നിറവും, ഇലകള്‍ക്ക്സുഗന്ധവുമുണ്ട്. ഇലകളിലടങ്ങിയിരിക്കുന്ന ബാഷ്പശീല തൈലമാണ് ഈ സുഗന്ധത്തിനു കാരണം. സുഗന്ധിയായ വേപ്പ് എന്ന അര്‍ത്ഥത്തില്‍ സംസ്കൃതത്തില്‍ ഈ സസ്യത്തിന് സുരഭീനിംബ എന്നാണ്പേര്. ശാസ്ത്രീയനാമം മുറയാ കീനിഗീ എന്നാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇലയ്ക്കു വേണ്ടി കറിവേപ്പ് നട്ടുവളര്‍ത്തി വരുന്നു. കുലകളായി കാണപ്പെടുന്ന ചെറുപൂക്കളും പച്ചമുത്തുകള്‍ പോലെ കൂട്ടമായിക്കാണുന്ന ഫലങ്ങളുമുണ്ട്.പഴുത്ത കായ് വീണാണ് തൈ കിളിര്‍ക്കുന്നത്.ആദ്യ ഘട്ടത്തില്‍ അല്പം ശ്രദ്ധയും പരിചരണവും കൊടുത്താല്‍ കറിവേപ്പ് നട്ടുപിടിപ്പിക്കാം.ഇലകളില്‍ ഒരുതരം പച്ചപ്പുഴുക്കള്‍ ഉണ്ടാകാറുണ്ട് എന്നല്ലാതെ മറ്റു കീടബാധയൊന്നും കറിവേപ്പിനുണ്ടാകാറില്ല.