ലിംഗസമത്വ വിഷയത്തിൽ സമൂഹത്തിൽ നല്ല മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് ശുഭകരമായ കാഴ്ച്ചയാണെന്നും സ്ത്രീകൾ സ്വന്തം അവകാശങ്ങളെക്കുറിച്ച് കൂടുതൽ ബോധവതികളാകണം എന്നും എഴുത്തുകാരിയും ജീവകാരുണ്യ പ്രവർത്തകയുമായ സുധ മൂർത്തി പറഞ്ഞു. ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ പങ്കെടുക്കാനെത്തിയ സുധ മൂർത്തി ഷാർജ എക്സ്പോ സെന്ററിൽ ഇന്ത്യൻ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ ലിംഗസമത്വം സാധ്യമാകുകയുള്ളൂവെന്നും അവർ കൂട്ടിച്ചേർത്തു
മകളുടെ ഭർത്താവ് ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ശേഷം തനിക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. അതിനു മുമ്പും ശേഷവും താൻ ശക്തയാണ്. മരുമകൻ വലിയ സ്ഥാനത്തെത്തിയാലൊന്നും മാറുന്ന വ്യക്തിത്വമല്ല തന്റേത് എന്നും സുധ മൂർത്തി പറഞ്ഞു. ഇൻഫോസിസ് മുൻ ചെയര്‍മാന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ പത്നിയാണ് സുധ മൂര്‍ത്തി. ഇവരുടെ മകളുടെ ഭർത്താവാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയും ബ്രിട്ടീഷ് പൗരൻ കൂടിയായ റിഷി സുനക്. തന്റെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങുന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് അല്ല, തന്റെ മരുമകൻ റിഷി സുനക് ആണെന്നും സുധ മൂര്‍ത്തി പറഞ്ഞു.
കുട്ടികളുടെ പുസ്തകം എഴുതുക അത്ര എളുപ്പമുള്ള കാര്യമല്ലെന്നും ഡിജിറ്റൽ കാലത്ത് ഇലക്ട്രിക് ഉപകരണങ്ങൾ കുട്ടികളുടെ വായനയെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നും സുധ മൂർത്തി പറഞ്ഞു. കുട്ടികൾക്ക് വേണ്ടി നൂറിലേറെ പുസ്തകങ്ങൾ സുധ മൂർത്തി എഴുതിയിട്ടുണ്ട്.
സ്ത്രീകൾ സ്വന്തം അവകാശങ്ങളെക്കുറിച്ച് കൂടുതൽ ബോധവതികളാകേണ്ടതുണ്ട്. സമത്വ വിഷയങ്ങളിൽ സമൂഹത്തിൽ നല്ല മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് ശുഭകരമായ കാഴ്ചയാണ്. പണ്ട് എൻജിനീയറിങ്ങിന് പഠിച്ചിരുന്നപ്പോൾ ഞാൻ ക്ലാസിലെ ഏക വിദ്യാർഥിനിയായിരുന്നു എന്നും അവർ ഓർത്തെടുത്തു. മലയാളം അറിയില്ലെങ്കിലും കേരളം സന്ദർശിച്ചിട്ടുണ്ടെന്നും ഏറെ ഇഷ്ടമാണെന്നും സുധാ മൂർത്തി പറഞ്ഞു. ആറ്റുകാല്‍ പൊങ്കാലയിടാന്‍ വന്ന അനുഭവവും സദസിനു മുന്നില്‍ അവര്‍ പങ്കുവച്ചു. മരുമകൾ പാലക്കാട്ടുകാരിയാണ്. മലയാളിയായ സെക്രട്ടറിക്കും മരുമകൾക്കും ഒപ്പം ആരും അറിയാതെയാണ് പൊങ്കാലയിടാനെത്തിയത്. എല്ലാവരും തുല്യരാണെന്ന സന്ദേശമാണ് ആറ്റുകാല്‍ പൊങ്കാല നല്‍കുന്നത്. അതാണ് പൊങ്കാലയിടാൻ തന്നെ പ്രേരിപ്പിച്ചത്. തൊട്ടടുത്ത് പൊങ്കാലയിട്ടിരുന്ന സ്ത്രീ താന്‍ ആരാണെന്ന് അറിയാതെ തന്നെ പൊങ്കാല ഇടാന്‍ സഹായിച്ചതായും പൊങ്കാല നിവേദ്യം നല്‍കിയതും സുധ മൂർത്തി പറഞ്ഞു.