ദുബായ്: വേള്‍ഡ് മലയാളി ഫെഡറേഷന്റെ അഞ്ചാമത് ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ ഈ മാസം 16 മുതല്‍ 18 വരെ ദുബായില്‍ നടക്കും. ദുബായ് ദേര ക്രൗണ്‍ പ്ലാസ ഹോട്ടലാണ് മൂന്ന് ദിവസത്തെ ആഗോള സംഗമത്തിന് വേദിയാകുന്നത്. ‘സ്‌നേഹത്തിലൂടെയും സഹകരണത്തിലൂടെയും മാറ്റത്തിന് തിരികൊളുത്താം’ എന്നതാണ് ഇത്തവണത്തെ കണ്‍വെന്‍ഷന്റെ പ്രമേയം. കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. കൂടാതെ ഡോ. മുരളി തുമ്മാരുകുടി, സന്തോഷ് ജോര്‍ജ് കുളങ്ങര, സയ്യിദ് മുനവ്വറലി തങ്ങള്‍, ആശാ ശരത്, മിഥുന്‍ രമേഷ് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിക്കും. വിവിധ ജനപ്രതിനിധികളും വ്യവസായ പ്രമുഖരും സാംസ്‌കാരിക നേതാക്കളും 167 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തിന്റെ ഭാഗമാകും. ലോകത്തിന്റെ വിവിധ കോണുകളിലുള്ള മലയാളികളെ ഒന്നിപ്പിക്കുകയും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയുമാണ് സമ്മേളനം ലക്ഷ്യമിടുന്നതെന്ന് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.ജെ രത്‌നകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
16 ന് വെള്ളിയാഴ്ച വൈകീട്ട് നാല് മുതല്‍ ഡെസേര്‍ട്ട് സഫാരിയോടെയാണ് പരിപാടിയുടെ തുടക്കം. 17 ന് ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് കണ്‍വെന്‍ഷന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രവാസി മലയാളികളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ‘ഗ്ലോബല്‍ ഐക്കണ്‍സ്’ എന്ന പ്രീമിയം ഡയറക്ടറിയുടെ ഉദ്ഘാടനം ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി. നന്ദകുമാര്‍ നിര്‍വ്വഹിക്കും.
ആഗോളതലത്തില്‍ വനിതകള്‍ നടത്തുന്ന മുന്നേറ്റവും സ്ത്രീകള്‍ നേരിടുന്ന വിഷയങ്ങളും ചര്‍ച്ച ചെയ്യുന്ന ‘എംപവര്‍ ഹെര്‍’ എന്ന പേരില്‍ വനിതാ സമ്മേളനം, പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും ചര്‍ച്ച ചെയ്യുന്ന ‘വോയിസ് ഓഫ് പ്രവാസി’ പ്രവാസി സമ്മിറ്റ്, കല സാംസ്‌കാരിക രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന പൊതു സമ്മേളനം തുടങ്ങി പ്രധാന പരിപാടികള്‍ മൂന്നു ദിവസങ്ങളിലായി നടക്കും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് പുരസ്‌കാരവും സമ്മാനിക്കും. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ എല്ലാ നഷ്ടപ്പെട്ടവര്‍ക്കായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ താക്കോല്‍ദാനം കണ്‍വെന്‍ഷന്‍ വേദിയില്‍ വെച്ച് നടക്കും. പിന്നണി ഗായകര്‍ നയിക്കുന്ന സംഗീതനിശ, ക്രൂയിസ് ഡിന്നര്‍, ഡെസേര്‍ട്ട് സഫാരി തുടങ്ങി വൈവിധ്യമാര്‍ന്ന വിനോദ പരിപാടികളും ഒരുക്കുന്നുണ്ട്.
ലോകത്തിലെ 167 രാജ്യങ്ങളില്‍ ശക്തമായ സാന്നിധ്യമുള്ള സന്നദ്ധ സംഘടനയാണ് ഡബ്ല്യുഎംഎഫ്. 2016 ല്‍ ഓസ്ട്രിയയിലെ വിയന്നയില്‍ രൂപീകരിച്ച വേള്‍ഡ് മലയാളി ഫെഡറേഷന്‍ കഴിഞ്ഞ 10 വര്‍ഷമായി നിരവധി ജീവകരുണ്യ – സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. കോവിഡ്, 2018 ലെ വെള്ളപ്പൊക്കം, റഷ്യ-യുക്രൈന്‍ യുദ്ധം ഈ സാഹചര്യങ്ങളിലൊക്കെ തന്നെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ സഹായങ്ങള്‍ എത്തിച്ചിട്ടുണ്ട്.
മിഡിൽ ഈസ്റ്റ് പ്രസിഡന്റ് വർഗീസ് പെരുമ്പാവൂർ, യു എ ഇ നാഷണൽ സെക്രട്ടറി മുഹമ്മദ് അക്ബർ, ദുബായ് സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ് അഡ്വ. സുധീർ ദേവരാജൻ, ഗ്ലോബൽ എക്സിക്യൂട്ടീവ് കൗൺസിൽ മെമ്പർ ഫിറോസ് ടി ഹമീദ്, ഗ്ലോബൽ കൺവെൻഷൻ ജോയിന്റ് കൺവീനർ സബീന വാഹിദ്, യു എ ഇ നാഷണൽ കൗൺസിൽ ട്രെഷറർ വീരാൻ കുട്ടി എന്നിവരും ദുബൈയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

