ദുബൈയിലെ നിർമ്മാണമേഖലയിലെ ആയിരത്തിലധികം തൊഴിലാളികൾക്ക് ശീതകാല വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെയും ദുബൈ പെർമന്റ് കമ്മിറ്റി ഓഫ് ലേബേഴ്സ് അഫയേഴ്സിന്റെയും സഹകരണത്തോടുകൂടിയാണ് തൊഴിലാളികൾക്ക് ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തത്. ‘അവരുടെ ശൈത്യകാലം നമുക്ക് ഊഷ്മളമാക്കാം’ എന്ന വാർഷിക ക്യാമ്പയിനിന്റെ ഭാഗമായാണ് സംരംഭം. ഇതിനോടനുബന്ധിച്ച് തൊഴിലാളികൾക്ക് ശൈത്യകാല- ആരോഗ്യ ബോധവൽക്കരണചടങ്ങും നടത്തി.
ദുബൈ സർക്കാറിന്റെ മാനുഷിക മൂല്യങ്ങളുടെ സ്ഥിരീകരണമായാണ് ഇത്തരത്തിലുള്ള സംരംഭമെന്ന് ജിഡിആർഎഫ്എ ദുബൈ മേധാവി ലഫ് :ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അറിയിച്ചു. തൊഴിലാളിസമൂഹത്തെയും അവരുടെ പ്രയത്നത്തെയും പങ്കിനെയും അഭിനന്ദിക്കുന്നതിനൊപ്പം അവർക്ക് സന്തോഷം നൽകാൻ ലക്ഷ്യമിട്ടുള്ള വിവിധ കമ്മ്യൂണിറ്റി സംരംഭങ്ങൾ ആരംഭിക്കാൻ ജിഡിആർഎഫ്എ താൽപ്പര്യമുണ്ടെന്ന് അൽ മാരി കൂട്ടിച്ചേർത്തു.
ജിഡിആർഎഫ്എ ദുബൈയുമായി സഹകരിച്ച് ഈ സംരംഭം ആരംഭിച്ചത് തൊഴിലാളികൾക്കുള്ള അഭിനന്ദനത്തിന്റെയും ആദരവിന്റെയും പ്രകടനമാണെന്ന് ജിഡിആർഎഫ്എ ഡെപ്യൂട്ടി ഡയറക്ടർ ജനറലും,തൊഴിൽകാര്യ സ്ഥിരംസമിതിയുടെ ചെയർമാനുമായ മേജർ ജനറൽ ഉബൈദ് ബിൻ മുഹൈർ ബിൻ സുറൂർ പറഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്നും അവർക്ക് മാന്യമായ ജീവിതം നൽകുന്നതിനുമായുള്ള ഈ സംരംഭം തൊഴിൽകാര്യങ്ങൾക്കായുള്ള പെർമനന്റ് കമ്മിറ്റി അംഗീകരിച്ച പരിപാടികളിൽ ഒന്നാണെന്ന് ദുബായിലെ തൊഴിൽകാര്യ പെർമനന്റ് കമ്മിറ്റി സെക്രട്ടറി ജനറൽ അബ്ദുല്ല ലഷ്കരി പറഞ്ഞു.