യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ മുന്നറിയിപ്പ് നൽകിയിരുന്ന അസ്ഥിര കാലാവസ്ഥ അവസാനിച്ചതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏപ്രിൽ രണ്ടാം വാരം ഉണ്ടായ ശക്തമായ മഴയും തുടർന്നുണ്ടായ വെള്ളപ്പൊക്കവും മുൻനിർത്തി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മുന്നറിയിപ്പിൽ രാജ്യം ശക്തമായ കരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച മഴ പെയ്ത മഴ ശക്തമാവാതെ വ്യാഴാഴ്ച വൈകുന്നേരത്തോടെ ശമിച്ചു. മഴ മുൻകരുതലിന്റെ ഭാഗമായി വിമാനസർവ്വീസുകൾ ചിലത് നിർത്തിവച്ചിരുന്നു. എന്നാൽ വൈകാതെ അവ പുനഃസ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം നിർത്തിവെച്ചിരുന്ന ഇൻറർ സിറ്റി ബസ് സർവിസുകളും പുനഃസ്ഥാപിച്ചിട്ടുണ്ട്.