ഗാസയിൽ യുദ്ധത്തിൽ പരിക്കേറ്റവരെ ചികിത്സിക്കാൻ യു എ ഇ ഫീൽഡ് ആശുപത്രി സ്ഥാപിക്കും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ട ഗാലന്റ് നൈറ്റ് 3 ഹ്യുമാനിറ്റേറിയൻ ഓപ്പറേഷന്റെ ഭാഗമായാണ് നടപടി. ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിനായി കഴിഞ്ഞ ദിവസമാണ് ‘ഗാലന്റ് നൈറ്റ്-3’ പ്രഖ്യാപിച്ചത്.
ഫീൽഡ് ഹോസ്പിറ്റലിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി തീവ്രപരിചരണ വിഭാഗങ്ങൾക്ക് പുറമെ ജനറൽ സർജറി, ഓർത്തോപീഡിക്‌സ്, പീഡിയാട്രിക്‌സ്, ഗൈനക്കോളജി,അനസ്‌തേഷ്യ വിഭാഗങ്ങളും ഉൾപ്പെടും. ഇന്റേണൽ മെഡിസിൻ, ദന്തചികിത്സ, സൈക്യാട്രി, ഫാമിലി മെഡിസിൻ എന്നിവക്കുള്ള ക്ലിനിക്കുകളും ഇവിടെയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. സി.ടി സ്കാനിങ്, ലബോറട്ടറി, ഫാർമസി, മറ്റ് മെഡിക്കൽ സഹായ സംവിധാനങ്ങൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫീൽഡ് ആശുപത്രിയിലേക്ക് ആവശ്യമായ ഉപകരണങ്ങളും സാമഗ്രികളുമായി തിങ്കളാഴ്ച അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് അഞ്ചും ചൊവ്വാഴ്ച ആറും വിമാനങ്ങൾ ഈജിപ്തിലേക്ക് പറന്നു.
ഗാസ മുനമ്പിൽ നിന്ന് 1000 പലസ്തീൻ കുട്ടികളെയും അവരുടെ കുടുംബങ്ങളെയും ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് കൊണ്ടുപോകാനുള്ള പദ്ധതി യുഎഇ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതുകൂടാതെ ‘തറാഹൂം -ഫോർ ഗസ്സ’ എന്ന തലക്കെട്ടിൽ കമ്യൂണിറ്റി റിലീഫ് കാമ്പയിനും തുടക്കമിട്ടിട്ടുണ്ട്. ഇതുവരെ ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഗാസ മുനമ്പിൽ കൊല്ലപ്പെട്ട 10,022 പേരിൽ 4,104 പേർ കുട്ടികളാണ്.