അറബ് ലോകത്തുനിന്ന് ആദ്യമായി ചന്ദ്രനിലേക്ക് വിക്ഷേപിച്ച യു.എ.ഇയുടെ ‘റാശിദ്’ റോവർ അടുത്തമാസം ലക്ഷ്യത്തിൽ എത്താനിരിക്കെയാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശകേന്ദ്രത്തിനു കീഴിലെ എമിറേറ്റ്സ് ലൂണാർ മിഷൻ പദ്ധതി മാനേജർ ഡോ. എ. ഹമദ് അൽ മസ്റൂഖിയാണ് യു.എ.ഇയുടെ രണ്ടാമത് ചാന്ദ്രദൗത്യ പേടകം വികസിപ്പിക്കുന്നത് വെളിപ്പെടുത്തിയത്. ദുബൈയിൽ നടക്കുന്ന ബഹിരാകാശ പ്രവർത്തനങ്ങളെക്കുറിച്ച 17ാമത് ഇന്റർനാഷനൽ കോൺഫറൻസിൽ (സ്പേസ് ഓപ്സ് 2023) മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശകേന്ദ്രത്തിന്റെ ഭാവി ദൗത്യങ്ങളെക്കുറിച്ച സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചന്ദ്രന്റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ് റോവർ ലക്ഷ്യമിടുന്നത്. ‘റാശിദ്’ റോവർ ഏപ്രിൽ 25ന് ചന്ദ്രനിലിറങ്ങുമെന്നും കോൺഫറൻസിൽവെച്ച് മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്റർ ഡയറക്ടർ ജനറൽ സാലിം അൽ മർറി വെളിപ്പെടുത്തിയിരുന്നു. ചന്ദ്രനിലേക്കുള്ള യാത്രയിൽ 16 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ഐ സ്പേസ് നിർമിച്ച ‘ഹകുട്ടോ-ആർ മിഷൻ-1’ എന്ന ജാപ്പനീസ് ലാൻഡറിലാണ് റാശിദിന്റെ കുതിപ്പ്. ദൗത്യം വിജയമായാൽ യു.എസിനും സോവിയറ്റ് യൂനിയനും ചൈനക്കും ശേഷം ചന്ദ്രനിൽ സുരക്ഷിതമായി പേടകം ഇറക്കുകയും ദൗത്യം പൂർത്തിയാക്കുകയും ചെയ്യുന്ന നാലാമത്തെ രാജ്യമെന്ന നേട്ടം യു.എ.ഇക്ക് സ്വന്തമാകും.